
കോട്ടയം: ക്രിമിനലും ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ ആർപ്പൂക്കര ലക്ഷംവീട് കോളനി പിഷാരത്ത് വീട്ടിൽ വിഷ്ണുദത്തിനെ (22) കാപ്പാപ്രകാരം നാടുകടത്തി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ നിന്നു നാടു കടത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഗാന്ധിനഗർ, പാമ്പാടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് വിഷ്ണു.