school

കോട്ടയം: കൊവിഡ് വ്യാപനത്തിനുശേഷം സ്‌കൂളുകൾ ആദ്യമായി പൂർണനിലയിൽ പ്രവർത്തിച്ച ഇന്നലെ ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 1,21,627 വിദ്യാർത്ഥികൾ. ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള കണക്കാണിത്. ജില്ലയിലെ 912 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 85,823 വിദ്യാർത്ഥികൾ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ പറഞ്ഞു. ഒന്നാംക്ലാസ് : 7902, രണ്ടാംക്ലാസ് :7494, മൂന്നാംക്ലാസ് :7948, നാലാംക്ലാസ് : 8380, അഞ്ചാംക്ലാസ് : 7862, ആറാം ക്ലാസ് : 8170, ഏഴാംക്ലാസ്: 8992, എട്ടാംക്ലാസ് :8039, ഒമ്പതാംക്ലാസ് : 8460, പത്താംക്ലാസ് :12576 എന്നിങ്ങനെയാണ് ഹാജർ. കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നതിനാൽ 115 വിദ്യാർത്ഥികൾക്കും 67 അദ്ധ്യാപകർക്കും 15 അനദ്ധ്യാപകർക്കും സ്‌കൂളിലെത്താൻ സാധിച്ചില്ല.

ഹയർസെക്കൻഡറി വിഭാഗത്തിൽ മൊത്തം 35,804 വിദ്യാർത്ഥികൾ ഹാജരായി. പ്ലസ് വണ്ണിൽ 17,460 പേരും പ്ലസ് ടുവിൽ 18,344 പേരും . കൊവിഡ് ബാധിച്ചതുമൂലം 415 വിദ്യാർത്ഥികൾക്കും 56 അദ്ധ്യാപകർക്കും എത്താനായില്ലെന്ന് ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടർ എസ്. ഉഷ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ് മുറികൾക്കു പുറമേ വിദ്യാർത്ഥികളെ ഇരുത്താൻ അനുബന്ധ മുറികളും ബെഞ്ചും ഡെസ്‌ക്കും കസേരകളുമുൾപ്പെടെ തയാറാക്കിയിരുന്നു. അദ്ധ്യാപകരും പി.റ്റി.എ. പ്രതിനിധികളുമടങ്ങുന്ന സംഘം തെർമോ സ്‌കാനറിൽ ശരീരോഷ്മാവ് പരിശോധിച്ചും കൈകൾ അണുവിമുക്തമാക്കിയിട്ടുമാണ് വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് കടത്തിവിട്ടത്. രാവിലെ 10 മുതൽ വൈകിട്ടു നാലു വരെയുള്ള സ്‌കൂൾ പ്രവൃത്തി സമയക്രമത്തിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌കൂളുകൾ സജീവമാകുന്നത്. വിദ്യാർത്ഥികൾക്ക് തൽക്കാലം യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.