
മുണ്ടക്കയം : വന്യമൃഗശല്യം തുടർക്കഥയായതോടെ മലയോരമേഖല ഭീതിയിൽ. കാട്ടാന മുതൽ കാട്ടുപന്നിവരെയുള്ളവയുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് നാട്ടുകാർ. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമാണ്. മുണ്ടക്കയത്ത് പുലി കൂടി ഇറങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ജനം. ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗം ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പേകേണ്ട സാഹചര്യമാണ്. ഇതോടൊപ്പമാണ് മലയണ്ണാനും കാട്ടുപൂച്ചയും, കാട്ടുപോത്തും, മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്ന കുരങ്ങിന്റെ ശല്യം വേറെയും. നിരവധി പശുക്കളും, വളർത്തു നായ്ക്കളുമാണ് പുലിയുടെ ആക്രമണത്തിനിരയാകുന്നത്. കഴിഞ്ഞദിവസം ടി.ആർ.ടി എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിലെ ജോമോൻ വലിയപാടത്തിന്റെ പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. പുലിയെ പിടികൂടാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചെങ്കിലും ഫസം കാണുന്നില്ല. ചെന്നാപ്പാറ ടോപ്, കൊമ്പുകുത്തി, കുപ്പായം മേഖലയിലും ആളുകൾ പുലിയെ കണ്ടതായി പറയുന്നുണ്ട്. തോട്ടം മേഖലയിലെ ടാപ്പിംഗ് നിലച്ചതാണ് വന്യമൃഗശല്യം രൂക്ഷമാകാൻ കാരണം. പല തോട്ടങ്ങളുടെയും പകുതിഭാഗം കാടുകയറി മൂടിയ നിലയിലാണ്.
പൊറുതിമുട്ടി കർഷകർ
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ജീവിതമാർഗമായ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ നശിച്ചു. ഇത് മുതലാക്കി വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തിയിട്ടും വേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കുന്നതിനോ, പുതിയവ സ്ഥാപിക്കുന്നതിനൊ ശ്രമിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കപ്പ, വാഴ, റബർ, തെങ്ങ് അടക്കമുള്ള കൃഷികളാണ് കൂടുതലായി നശിപ്പിക്കുന്നത്.
വേനൽ കൂടിയതും കാരണം
വേനൽ ആരംഭിച്ചതോടെ വനത്തിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നതിന് പ്രധാന കാരണം. ആറുകളിലടക്കം കുളിക്കാനും, വസ്ത്രം അലക്കാനും ഭീതിയോടെയാണ് പ്രദേശവാസികൾ പോകുന്നത്.
ജീവൻ പണയം വച്ചാണ് ടാപ്പിംഗിന് പോകുന്നത്. കാട്ടുപോത്തുകളുടെ ശല്യവും ഏറിവരികയാണ്. അതോടാപ്പം പുലിയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചതോടെ ടാപ്പിംഗ് ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.
രാഘവൻ, ടാപ്പിംഗ് തൊഴിലാളി