മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി ദുരന്ത നിവാരണവകുപ്പിൽ നിന്നും 1 കോടി 60 ലക്ഷം രൂപ പ്രളയദുരിതാശ്വാസ ഫണ്ട് അനുവദിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. 52 ഗ്രാമീണ റോഡുകൾക്കാണ് ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. പ്രളയത്തിൽ റോഡുകൾ തകർന്നതിനാൽ മണ്ഡലത്തിലെ നിരവധി റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഫണ്ടുകൾ അനുവദിച്ചത്. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.