
കോട്ടയം : ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികളും, കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാംകവാടത്തിന്റെ നിർമ്മാണവും മാർച്ചിൽ പൂർത്തിയാക്കുമെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു. റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർക്കൊപ്പം കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് എം.പി ഇക്കാര്യം അറിയിച്ചത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മുട്ടമ്പലം അടിപ്പാതയുമായി ബന്ധപ്പെട്ട നടപടികൾ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇന്ന് പരിശോധന നടത്തും. കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ സിവിൽ ജോലികൾ പൂർത്തിയായതിനുശേഷം റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന പൂർത്തിയാക്കാൻ രണ്ടു ദിവസം വേണ്ടിവരും. ഇതോടൊപ്പം നിർമ്മാണം നടക്കുന്ന മാഞ്ഞൂർ മേൽപ്പാലം 26 ന് തുറന്നുകൊടുക്കും.
കോട്ടയം സ്റ്റേഷനിൽ 7 പ്ലാറ്റ്ഫോമുകൾ
എറണാകുളത്തേക്കുള്ള മെമു ട്രെയിനുകൾക്ക് മാത്രമായി ഒരു പ്ലാറ്റ്‌ഫോമും, ഗുഡ്‌സ് ട്രെയിനുകൾക്കായി ഒരു പ്ലാറ്റ്‌ഫോമും ഉൾപ്പെടെ 7 പ്ലാറ്റ്‌ഫോമുകൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ തയ്യാറാകും. റെയിൽവേ ട്രാക്കുകൾ ലേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാഗമ്പടത്തെ പാലത്തിന്റെ നിർമ്മാണ ജോലികളും പുരോഗതിയിലാണ്. റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉദാത്താ സുധാകർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബാബു സക്കറിയ, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, പഞ്ചായത്ത് മെമ്പർ ജിൻസൺ എന്നിവരും എം.പിയ്ക്ക് ഒപ്പമുണ്ടായിരുന്നു.