പൊൻകുന്നം: പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെയും ബി.ആർ.സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തിൽ പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സഹായത്തോടുകൂടിയാണ് പരിശീലനം നൽകുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന 19 സ്‌കൂളിലെയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും സ്‌പെഷ്യൽ കെയർ സെന്ററിന്റെ സേവനം ലഭ്യമാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക പിന്തുണയോടൊപ്പം സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും നൽകും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ആന്റണി മാർട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ സ്‌പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ റീബി വർഗീസ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ദീപ, വൊക്കേഷനൽ ഹയർ സെക്കൻഡറി അദ്ധ്യാപകൻ സനൽകുമാർ കെ.കെ, പി.ടി.എ പ്രസിഡന്റ് സുരേഷ് കെ.ടി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സിജിൻ എ.പി എന്നിവർ സംസാരിച്ചു.