പാലാ: അപകടങ്ങൾ തുടർക്കഥയാകുന്ന മേലുകാവ്-പാണ്ടിയാമ്മാവ് വളവിൽ ഇന്നലെയും ലോറി മറിഞ്ഞു.ഇവിടെ അപകടം പതിവാണെങ്കിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇപ്പോഴും മൗനത്തിലാണ്. തൃശൂർ നിന്നും മേലുകാവ് മറ്റത്തേയ്ക്ക് കാലിത്തീറ്റ കൊണ്ടുപോവുകയായിരുന്ന ലോറിയാണ് പാണ്ടിയമ്മാവ് വളവിൽ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 2017 മുതൽ വലുതും ചെറുതുമായ അൻപതോളം അപകടങ്ങൾ ഇവിടെയുണ്ടായി. 2021ൽ മാത്രം 7 അപകടങ്ങൾക്കാണ് ഈ വളവ് സാക്ഷ്യം വഹിച്ചത്. ഡ്രൈവർമാരുടെ വഴി പരിചയക്കുറവും അശ്രദ്ധയും അമിതവേഗതയും അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണം. ഭാരം കയറ്റിവരുന്ന ലോറികളാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. കൂടാതെ വളവിൽ കാഴ്ചമറയ്ക്കുന്ന ആൾതാമസമില്ലാത്ത കെട്ടിടവും മരങ്ങളും വാഹനാപകടങ്ങൾക്ക് ആക്കം കൂട്ടുന്നതായി മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബഞ്ചമിൻ ചൂണ്ടിക്കാട്ടി. പലപ്പോഴും സംരക്ഷണഭിത്തി തകർത്ത് വാഹനങ്ങൾ താഴേക്ക് പതിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
റോഡിലെ കാഴ്ച്ച മറച്ച് നിൽക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നിർമ്മാണം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടുതൽ അപകടസൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.