police

പാലാ : ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച ''നമ്മുടെ പൊന്നോമനകൾ'' ജനകീയ ബോധവത്ക്കരണ പരിപാടി കോട്ടയം ജില്ലാ പൊലീസ് ഏറ്റെടുക്കുന്നു. പദ്ധതിയെ ഏറെ അഭിനന്ദിച്ച ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ജില്ലയിലൊട്ടാകെ പദ്ധതി നടപ്പാക്കാൻ മുന്നോട്ട് വന്നിരിക്കുകയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമെല്ലാം ഒരേപോലെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിതെന്ന് എസ്.പി വിലയിരുത്തി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് രാമപുരത്ത് ആദ്യ ക്ലാസ് നടത്തിയതിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ വ്യാപിച്ചതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്നും പദ്ധതി നടപ്പാക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഫോൺകാളുകൾ വന്നതായി ഡിവൈ.എസ്.പി പറഞ്ഞു. മാതൃകാപരമായ ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിക്കട്ടെയെന്ന് ഡി.ജി.പി ഡോ.ബി.സന്ധ്യ ആശംസകൾ നേർന്നു.

വനിതാ പൊലീസിലെ ഉദ്യോഗസ്ഥരുടെയും അതാത് സ്ഥലത്തെ എസ്.എച്ച്.ഒ, എസ്.ഐമാരുടെയും ഫോൺ നമ്പർ ബോധവത്ക്കരണ ക്ലാസിൽ കുട്ടികൾക്ക് വിതരണം ചെയ്യും.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാലാ സബ്ഡിവിഷനിൽ 25 പോക്‌സോ കേസുകളാണ് ഉണ്ടായത്. ഇതിൽ 10 എണ്ണവും പാലാ സ്റ്റേഷൻ പരിധിയിലാണ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് നമ്മുടെ മക്കളെ രക്ഷിക്കേണ്ട കടമയും ബാദ്ധ്യതയും ഉണ്ടെന്നും ഇനിയെങ്കിലും ഇതിന് മുന്നോട്ടിറങ്ങിയേ തീരുവെന്ന തോന്നൽ ഉണ്ടായത്

ഷാജു ജോസ്, ഡിവൈ.എസ്.പി