
കോട്ടയം : ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നു. നിർമാണം മാർച്ച് 31ന് മുൻപ് പൂർത്തിയാക്കി ഏപ്രിൽ ആദ്യവാരം കമ്മിഷൻ ചെയ്യാനാണ് തീരുമാനം. സതേൺ റെയിൽവേ നിർമാണവിഭാഗം ചീഫ് എൻജിനിയർ ഷാജി സക്കറിയയുടെ നേതൃത്വത്തിൽ പാതയിരട്ടിപ്പിക്കലിന്റെ നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തി. മാർച്ച് 26, 27 തീയതികളിൽ റെയിൽവേ സുരക്ഷാകമ്മിഷണറുടെ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. തുരങ്കങ്ങൾക്ക് സമീപമുള്ള പണികളാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. പ്ലാന്റേഷൻ ഓഫീസിനും റബർ ബോർഡിനും സമീപത്തുള്ള രണ്ടു തുരങ്കങ്ങളും ഒഴിവാക്കും. സമാന്തരമായി പുതിയ രണ്ടു പാത വരും. തുരങ്കങ്ങൾ പൊളിച്ചുമാറ്റുന്നില്ല. റെയിൽവേ സ്റ്റേഷനിലെ നവീകരണം, തുരങ്കങ്ങളുടെ ഭാഗത്തെ നിർമാണം എന്നിവയും പരിശോധിച്ചു. ഇതോടൊപ്പം നിർമ്മാണം നടക്കുന്ന മാഞ്ഞൂർ മേൽപ്പാലം 26 ന് തുറന്നുകൊടുക്കാനും തീരുമാനമായി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്ത സുധാകർ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ബാബു സക്കറിയ, ജോസ് അഗസ്റ്റിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
 19 കിലോമീറ്റർ
19 കിലോമീറ്റർ നിർമാണം പൂർത്തിയാകുന്നതോടെ ഷൊർണൂർ-തിരുവനന്തപുരം പാതയിൽ കോട്ടയം വഴി പൂർണമായി ഇരട്ടപ്പാതയാവും. ആലപ്പുഴ വഴി നിലവിൽ പൂർണമായി ഇരട്ടപ്പാതയാണുള്ളത്. റബർ ബോർഡ് തുരങ്കങ്ങളുടെ ഭാഗത്ത് പാളം സ്ഥാപിക്കാൻ കോൺക്രീറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. പ്ലാന്റേഷൻ ഓഫീസിന് സമീപത്തെ തുരങ്കത്തിനു സമീപം മണ്ണെടുക്കൽ നടക്കുന്നു. മണ്ണെടുത്ത് നിരപ്പാക്കിയ ശേഷം കോൺക്രീറ്റിങ് ആരംഭിക്കും. സ്റ്റേഷനോടു ചേർന്നഭാഗത്തു പാളം സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരണജോലികളും യാഡിന്റെ പണികളും പുരോഗമിക്കുകയാണ്. പുതിയ പാത വരുന്നതോടെ യാഡ് വടക്ക് നാഗമ്പടം ഭാഗത്തേക്കും തെക്ക് മുട്ടമ്പലം ലെവൽ ക്രോസ് വരെയും നീളും.
'' കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടുകൂടി പൂർത്തിയാകും. റെയിൽവേ നിർമാണ വിഭാഗം ബാക്കി ജോലികൾ മാർച്ച് മാസത്തിൽ പൂർത്തിയാക്കും. സിവിൽ വർക്കുകൾ പൂർത്തിയായതിനുശേഷം റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനകൂടി പൂർത്തിയാക്കാൻ രണ്ടു ദിവസം വേണ്ടിവരും''
തോമസ് ചാഴികാടൻ എം.പി
 മാഞ്ഞൂർ റെയിൽവേ ഓവർ ബ്രിഡ്ജ് 26ന് തുറന്നുകൊടുക്കും
 കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ടു ലിഫ്റ്റുകഃൻ എക്‌സലേറ്റർ മാറ്റി സ്ഥാപിക്കും
എല്ലാ ജോലികളും മാർച്ച് 31നകം പൂർത്തിയാക്കാനുള്ള തീവ്രശ്രമം
 കോട്ടയം റെയിൽവേ സ്റ്റേഷനിൽ 7 പ്ലാറ്റ്‌ഫോമുകൾ