കോട്ടയം : ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കാരാപ്പുഴ പതിനറിൽ ചിറ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ (24) നെയാണ് വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. സ്റ്റാൻഡിന് പരിസരത്ത് അസഭ്യം പറഞ്ഞു നടന്നത് ഡ്രൈവർമാർ ചോദ്യം ചെയ്‌തോടെ രണ്ടംഗസംഘം ബൈക്കിൽ എത്തി കുരുമുളക് സ്‌പ്രേ അടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കണ്ടെത്തുന്നതിനായി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അടിപിടി, അക്രമം, കഞ്ചാവ് കച്ചവടം, വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാദുഷ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.