
ജയരാജ്
സിനിമാ ജീവിതത്തിലേക്ക് എന്നെ കൈപിടിച്ച് കയറ്റിയത് ലളിതച്ചേച്ചിയാണ്. മദ്രാസിൽ എന്റെ ചേച്ചിയുടെ അടുത്ത സുഹൃത്തായിരുന്നു ലളിതച്ചേച്ചി. ആ ബന്ധം ഭരതേട്ടനിലേക്ക് എത്തിച്ചു. ഭരതേട്ടന്റെ വീട് ഗുരുകുലം പോലെയായിരുന്നു. അവിടെ പഠിക്കാനായതാണ് ജീവിത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. ഞാൻ സംവിധാനം ചെയ്ത 'അവളിൽ' ആണ് അവസാനമായി ചേച്ചി അഭിനയിച്ചതും. ജീവിതവും സിനിമയും ചേച്ചി ഒരുപോലെ കൊണ്ടുപോയി. ജീവിതത്തിലുണ്ടായ ഉയർച്ചതാഴ്ചകളും വേദനകളും സന്തോഷങ്ങളും സിനിമയിലും അവതരിപ്പിച്ചു. സ്വന്തം ജീവിതമായിരുന്നു ചേച്ചിയുടെ ശക്തി.
ശാന്തത്തിലെയും സന്മനസുള്ളവർക്ക് സമാധാനത്തിലെയും പോലെ നിർന്നിമേഷരായി നോക്കി നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ മക്കൾ മരിക്കുമ്പോൾ നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടിവന്ന അമ്മയുടെ വേദന പകർന്നപ്പോഴാണ് ശാന്തത്തിൽ ദേശീയ പുരസ്കാരം ലഭിച്ചത്. അവളിലെ അഭിനയം അസുഖകാലത്തായിരുന്നു. ശരീരത്തിന്റെ ക്ഷീണം അവഗണിച്ച് എത്രമനോഹരമായി സിനിമയ്ക് വേണ്ടി നിലകൊണ്ടു. ഇപ്പോൾ കണ്ടത് പൂർണ്ണമായും ശക്തി നഷ്ടപ്പെട്ട് കിടക്കുന്ന ചേച്ചിയെയാണ്.
എല്ലാം തുറന്നു പറയുന്ന ജീവിതം. അങ്ങനെയുള്ള കഥാപാത്രങ്ങൾ. ചുറ്റുമുള്ള ആളുകൾ ചേച്ചിയിലൂടെ സംസാരിക്കുന്നതായി തോന്നും. ചേച്ചി എന്നും ജീവിതയാഥാർത്ഥ്യങ്ങളുമായി ഇഴുകിച്ചേർന്ന് പോയി. എന്റെ സിനിമകളിലെല്ലാം ലളിതച്ചേച്ചിക്ക് മാത്രമായി കഥാപാത്രങ്ങളെ ഒരുക്കിയിരുന്നു. അത് ചേച്ചിക്ക് മാത്രം ചെയ്യാൻ പറ്റുന്നതുമായിരുന്നു. സാറാ ജോസഫിന്റെ 'മാറ്റാത്തി" എന്ന നോവലിനെ ആസ്പദമാക്കി സിനിമ ചെയ്യണമെന്നും അഭിനയിക്കാമെന്നും ചേച്ചി പലതവണ ആഗ്രഹം പങ്കുവച്ചെങ്കിലും സാദ്ധ്യമാക്കാൻ കഴിഞ്ഞില്ല.