തലയോലപ്പറമ്പ് : ബ്രഹ്മമംഗലം വൈപ്പാടമ്മേൽ കലുങ്ക് നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രധാനമന്ത്റി ഗ്രാമീണ സഡക് യോജനയിൽപ്പെടുത്തി ബ്രഹ്മമംഗലം ബവാലേ റോഡ് നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങളോളം പ്രദേശവാസികളെ ദുരിതത്തിലാക്കി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ആദ്യം പണിയേണ്ടിയിരുന്ന കലുങ്ക്പണി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. സ്ലാബ് വാർക്കാൻ ഉപയോഗിക്കുന്ന ചെറിയ 6 എം.എം കമ്പി ഉപയോഗിച്ച് അശാസ്ത്രീയമായാണ് പാലത്തിന്റെ തൂണുകൾ വാർക്കാനൊരുങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഭാരമേറിയ കക്ക ലോറികളും, കെ.എസ്.ആർ.ടി.സി ബസുകളും അടക്കം നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്ന് പോകുന്നത്. ഇത് അപകടത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.
റോഡിന് വീതി കുറഞ്ഞു
റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ നിലവിൽ ഉണ്ടായിരുന്ന റോഡിന്റെ വീതി 8 മീറ്ററിൽ നിന്ന് 6 മീറ്ററായി ചുരുങ്ങിയ സ്ഥിതിയിലാണ്. മണക്കാട്ട്ചിറ റോഡിന്റെ ഉയരം കുറഞ്ഞത് പ്രദേശവാസികൾക്ക് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവാനും ഇടയുണ്ടെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നതെങ്കിലും പൂഴിമണ്ണ് ഇട്ടാണ് നികത്തിയിരിക്കുന്നത്.
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി ഷാജി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി. അരവിന്ദാക്ഷൻ, വാർഡ് പ്രസിഡന്റ് ഇ.ബി.പ്രസാദ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.