well

കോട്ടയം: വേനൽ കടുത്തതോടെ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. കുറവിലങ്ങാട്ട് കിണറ്റിലിറങ്ങിയ ആൾ പിടിവിട്ട് താഴെ വീണതും കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ പാറത്തോട്ടിൽ തമിഴ് തൊഴിലാളി മരിച്ചതും രണ്ട് ദിവസം മുൻപാണ്. ഇതിന് പുറമേ ശ്വാസം കിട്ടാതെ അപകടത്തിൽപ്പെടുന്നതും വ്യാപകമായി.

മുൻകരുതലുകൾ ഇല്ലാതെ കിണറ്റിൽ ഇറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നതെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു. ആഴം കുറവുള്ള കിണറാണെങ്കിലും ഓക്‌സിജന്റെ സാന്നിദ്ധ്യമില്ലാത്തവയാവും ഏറെയും. ഇറങ്ങുന്നതിനു മുൻപു കിണറ്റിൽ വായുസഞ്ചാരമുണ്ടോയെന്ന് ഉറപ്പാക്കണം. ഒരു കഷണം കടലാസ് തീകൊളുത്തി കിണറ്റിലേയ്ക്ക് ഇട്ടുനോക്കുക. കിണറ്റിന്റെ അടിയിൽ വരെ കടലാസിലെ തീ കെടാതെ എത്തുകയാണെങ്കിൽ ഓക്‌സിജന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം. മറിച്ചെങ്കിൽ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക. വായുസഞ്ചാരമുണ്ടെങ്കിലും കാർബൺ മേണോക്‌സൈഡ് പോലെയുള്ള വിഷവാതകത്തിന്റെ സാന്നിദ്ധ്യവും അപകടം വരുത്തിവയ്ക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കാർബൺ മേണോക്‌സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാൻ താരതമ്യേന ബുദ്ധിമുട്ടുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം മേട്ടോറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മേണോക്‌സൈഡിന്റെ സാന്നിദ്ധ്യത്തിന് സാദ്ധ്യതയേറെയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം കിണറുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ഇറങ്ങരുത്. കാർബൺ മേണോക്‌സൈഡ് ശ്വസിക്കുന്നതോടെ കിണറ്റിൽ കുഴഞ്ഞു വീഴുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ പുറത്തെത്തിച്ച് ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം.

ഫയർഫോഴ്സ് പറയുന്നു

കിണറ്റിൽ ഇറങ്ങും മുൻപ് പരിസരത്തെ സുരക്ഷാ പരിശോധന അനിവാര്യം

 കിണറിന്റെ സുരക്ഷിതത്വവും ഇറങ്ങുന്നയാളുടെ ശാരീരികക്ഷമതയും ഉറപ്പാക്കണം

 ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചശേഷം ഒരിക്കലും കിണറ്റിൽ ഇറങ്ങരുത്

 കിണറ്റിൽ ഇറങ്ങാൻ ഉപയോഗിക്കുന്ന കയർ, ലാഡർ എന്നിവയുടെ ഗുണനിലവാരം

 മൾട്ടി ഗ്യാസ് ഡിറ്റക്ടർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താം

 അപകടം ഉണ്ടായാൽ ഉടനെ ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യു സേവനം തേടണം

 സ്‌ഫോടനവസ്തുക്കൾ ഉപയോഗിച്ച് കിണറിന് ആഴം കൂട്ടുന്നത് അധികൃതരെ അറിയിക്കണം

'' അപകടത്തിന് ശേഷമാണ് രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സിനെ അറിയിക്കുന്നത്. എന്നാൽ കിണറ്റിൽ ഇറങ്ങുന്നതിന് മുൻപോ പിൻപോ ബോധവത്കരണമോ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചോ ശ്രദ്ധിക്കാറില്ല''

-പി.എൻ.അജിത് കുമാർ, അസി.സ്റ്റേഷൻ ഓഫീസർ, കോട്ടയം