
കോട്ടയം: കെ.പി.എ.സി ലളിതയുടെ പിതാവ് അനന്തൻനായർ ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹം രവി സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലത്ത്, പെരുന്നയിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. സ്റ്റുഡിയോ കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതിയുടെ ഒാഫീസ്. പിതാവിന് ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോൾ മഹേശ്വരി എന്ന ലളിത ഗീഥായിൽ നടക്കുന്ന നാടക റിഹേഴ്‌സൽ കണ്ടു നിൽക്കുമായിരുന്നു. ഗീഥാ ഉടമ ചാച്ചപ്പൻ അനന്തൻനായരോട് മകളെ നാടകത്തിൽ അഭിനയിക്കാൻ വിടാമോ എന്നു ചോദിച്ചെങ്കിലും ആദ്യമൊന്നും സമ്മതിച്ചില്ല. ഒരുപാടു നിർബന്ധിച്ചപ്പോൾ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാൻ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്. പിന്നീട് ഗീഥായുടെ മിക്കവാറും നാടകങ്ങളിൽ മഹേശ്വരി പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. അനന്തൻനായർ ഇതിനകം സ്വന്തമായി ലളിത സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഒരുദിവസം സ്റ്റുഡിയോയിൽ അനന്തൻനായർ തളർന്നു വീണതോടെ, ജീവിതം താളം തെറ്റി. തുടർന്നാണ് മഹേശ്വരി കെ.പി.എ.സിയിൽ എത്തുന്നത്.
പല സിനിമകളിലും കെ.പി.എ.സി ലളിതയുടെ ഈ ചങ്ങനാശേരിസ്മരണ നിഴലിക്കുന്നുണ്ട്. ക്രിസ്ത്യൻ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എന്റെ പാറേൽ മാതാവേ എന്ന് വിളിക്കുന്നത് സാധാരണമായിരുന്നു. വെങ്കലം എന്ന സിനിമയിൽ ചങ്ങനാശേരിക്കാരുടെ ബാലയാണെങ്കിൽ കാണണം എന്നും പറയുന്നുണ്ട്.