പാലാ: കടപ്പാട്ടൂർ ബൈപാസിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ ബൈക്കിൽ പിന്തുടർന്ന് എത്തിയവർ കാർ തടഞ്ഞുനിർത്തി വെട്ടിപരിക്കേൽപ്പിച്ചു... തുടർന്ന് ഹെൽമറ്റ് വച്ച ബൈക്കുയാത്രക്കാർ വളരെ വേഗതയിൽ കോട്ടയം റൂട്ടിലൂടെ വിട്ടുപോയി. ഇന്നലെ ഉച്ചയ്ക്ക് 12.37ന് നടന്ന സംഭവം നാട്ടുകാരെ അമ്പരിപ്പിച്ചു. പക്ഷേ ഈ നാടകമെല്ലാം പൊലീസ് നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു. പാലായിൽ തുടങ്ങിയ മോക്ഡ്രില്ലിന്റെ സസ്പെൻസ് അവസാനിച്ചത് കോട്ടയം തെള്ളകത്തായിരുന്നു. സംഭവം നടന്നയുടൻ ഹൈവേ പട്രോളിംഗ് പൊലീസ് സ്ഥലത്തെത്തി. പാലാ സി.ഐ കെ.പി ടോംസണും എസ്.ഐ. അഭിലാഷും ബൈക്കിൽ പാഞ്ഞവരെ കണ്ടെത്താൻ ജില്ലയിലുടനീലം പരിശോധനയ്ക്ക് നിർദ്ദേശം നൽകി. പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരങ്ങൾ കൈമാറി.

ഒരു എ.എസ്.ഐ സ്വന്തം ബൈക്കുമായി പ്രതികളെ തേടി കിടങ്ങൂർ ടൗണിൽ ഇറങ്ങിയെങ്കിലും കണ്ടുകിട്ടിയില്ല. കിടങ്ങൂരും ഏറ്റുമാനൂരും പിന്നിട്ട് പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തെള്ളകത്തെത്തി. ചാടിയിറങ്ങിയ ഹൈവേ പോലീസ് പിടിച്ചപിടിയാലെ രണ്ടുപേർക്കിട്ടും ഒന്നുപൊട്ടിച്ചു.

അപ്പോഴവർ ഐഡന്റിറ്റികാർഡ് എടുത്ത് കാണിച്ചു; ഒരാൾ ഈരാറ്റുപേട്ട സ്റ്റേഷനിലെയും ഒരാൾ തിടനാട് പൊലീസ് സ്റ്റേഷനിലെയും സിവിൽ പോലീസ് ഓഫീസർമാരായിരുന്നു. മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയ ഈ വെട്ടിപരിക്കേൽപ്പിക്കലും തുടർന്നുള്ള പരക്കംപാച്ചിലുമെല്ലാം പല പൊലീസ് ഉദ്യോഗസ്ഥർ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം എല്ലാ പ്രധാന കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ പാലായിലും മോക്ഡ്രിൽ നടത്തിയത്. സംഭവത്തിൽ അടിയന്തിര സാഹചര്യം ഉണ്ടായിട്ടും കിടങ്ങൂർ പൊലീസിനും ഏറ്റുമാനൂർ പൊലീസിനും അതീവജാഗ്രതയോടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലുമുണ്ടായി.