കോട്ടയം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 26 വൃദ്ധർക്ക് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കട്ടിലുകൾ നൽകി. 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.40 ലക്ഷം രൂപ ചെലവഴിച്ചാണ് കട്ടിൽ വിതരണപദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റോസിലി ടോമിച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. 60 വയസ് കഴിഞ്ഞവർക്കാണ് കട്ടിലുകൾ നൽകിയത്. പൊതുവിഭാഗത്തിൽപെട്ട 80 വയോജനങ്ങൾക്കുള്ള കട്ടിലുകൾ വരുംദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ സുനിത ബിനു, ദീപ ജോസ് ,ഓമന സണ്ണി, പഞ്ചായത്ത് സെക്രട്ടറി രാജശ്രീ എന്നിവർ പങ്കെടുത്തു.