പാലാ: പാണ്ടിയമ്മാവിലെ തുടർഅപകടങ്ങൾ ഒഴിവാക്കാൻ മേലുകാവിൽ നിന്ന് മുട്ടത്തേയ്ക്ക് കുതിരാൻ മാതൃകയിൽ തുരങ്കപാത നിർമ്മിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. പാണ്ടിയമ്മാവിലെ തുടർഅപകടങ്ങളെക്കുറിച്ച് ഇന്നലെ 'കേരളകൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മേലുകാവ്,കാഞ്ഞിരം കവല,മുട്ടം പ്രദേശത്ത് മാത്രമായി ഇരുപതിലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്.നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാലത്തിന് അനുസരിച്ച് നവീകരിച്ച റോഡിൽ ഭാരവാഹനങ്ങൾക്ക് അപകട വളവുകളിൽ വേഗത നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അപകടം ഒഴിവാക്കുന്നതിന് തുരങ്കം നിർമ്മിക്കുക അല്ലാതെ മറ്റു മാർഗമില്ല. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കിഴക്കൻ മലയോര മേഖലയിലെ മേലുകാവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി നഗരങ്ങളുടെ വികസനം കൂടി ഇതുവഴി യാഥാർഥ്യമാകും. കേന്ദ്ര സ്‌പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ തുടങ്ങനാട് സ്ഥാപിക്കുന്ന സ്‌പൈസസ് പാർക്ക് കൂടി വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കത്തിനും തുരങ്കപാത ഉപകരിക്കും. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയതായും ഷോൺ ജോർജ് പറഞ്ഞു.