
ഈരാറ്റുപേട്ട: പുരയിടത്തിനും പുൽമേടുകൾക്കും തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പൂഞ്ഞാർ മറ്റയ്ക്കാട് ഭാഗത്തെ റബർ വെട്ടിമാറ്റിയ രണ്ടേക്കർ പുരയിടത്തിനാണ് തീപിടിച്ചത്. സമീപവാസികൾ പാഴ് വസ്തുക്കൾ കത്തിച്ചതിനെ തുടർന്ന് തീ പടരുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. മൂന്നോടെ, വാഗമൺടോപ്പ് കാര്യാട് ഭാഗത്തെ പുൽമേടിനും തീ പിടിച്ചു. ഉണങ്ങിയ പുല്ലുകളിൽ തീപിടിച്ചതോടെ കുന്നുകളിലാകെ പടർന്നു. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഈരാറ്റുപേട്ട അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സനിൽകുമാർ, ആദർശ്, കെ.പി സന്തോഷ് കുമാർ, അജേഷ, വിഷ്ണു, ഷിനോ തോമസ്, ശരത് എന്നിവർ നേതൃത്വം നൽകി.