bus

തലയോലപ്പറമ്പ് : നീർപ്പാറയിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി. ഇന്നലെ രാവിലെ മുതൽ കോട്ടയം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളും തലയോലപ്പറമ്പ് -എറണാകുളം റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളുമാണ് സർവീസ് നിറുത്തിവച്ചത്. ഇന്നലെ രാവിലെ ബസ് സ്റ്റോപ്പിൽ എത്തിയ ശേഷമാണ് യാത്രക്കാരിൽ പലരും പണിമുടക്ക് അറിഞ്ഞത്. ദൂരെ സ്ഥലങ്ങളിൽ ജോലിക്കു പോകാനെത്തിയ യാത്രക്കാരും വിദ്യാർത്ഥികളും സമയത്ത് എത്തിപ്പെടാനാകാതെ ഏറെ വിഷമിച്ചു. മിക്കവരും വീട്ടിലേക്ക് മടങ്ങി. കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിൽ നിന്നും കൂടുതൽ സർവീസ് നടത്തിയത് യാത്രക്കാർക്ക് ചെറിയ ആശ്വാസമായി.

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണം. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ നീർപ്പാറയിലാണ് സംഘർഷമുണ്ടായത്. ബസ് ഡ്രൈവറും മൂന്ന് വിദ്യാർത്ഥികളും ഉൾപ്പെടെ 4പേർക്ക് ഇതിൽ പരിക്കേറ്റു. മുണ്ടക്കയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസിലെ തൊഴിലാളികളും, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ എസ്.എഫ്‌.ഐ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ബസ് ജീവനക്കാരനായ രഞ്ജു കോട്ടയം മെഡിക്കൽ കോളേജിലും എസ്.എഫ്‌.ഐ പ്രവർത്തകരായ അമൽരാജ്, ഷിഹാബ്, കിരൺ എന്നിവർ വൈക്കം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
രഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് കോളേജ് ഡിഗ്രി വിദ്യാർത്ഥികളായ അഖിൽ, അജിത്ത്, നിധീഷ് എന്നിവർക്കെതിരെ കേസ് എടുത്തതായി തലയോലപ്പറമ്പ് എസ്.എച്ച്.ഒ ടി. മനോജ് പറഞ്ഞു.
കോളേജ് സ്റ്റോപ്പിൽ നിർത്തിയ ബസ്സിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ മുന്നോട്ടെടുത്ത് പോകുകയും ബസിൽ കയറിയ എറണാകുളം ഭാഗത്തേക്ക് പോകേണ്ട വിദ്യാർത്ഥികളെ വടകരയിൽ ഇറക്കിവിടുകയും ചെയ്തതാണ് സംഘർഷത്തിനു കാരണം. സംഭവത്തെ തുടർന്ന് എസ്.എഫ്‌.ഐ വിദ്യാർത്ഥികൾ ബസിനെ പിൻതുടർന്ന് നീർപ്പാറയിലെത്തി ചോദ്യം ചെയ്യുന്നതിനിടെ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവർ പറഞ്ഞു.
അതേ സമയം വാതിലിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെയാണ് ബസിൽ നിന്ന് ഇറക്കിയതെന്നും ഇതേ തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നും ബസ് തൊഴിലാളികൾ പറഞ്ഞു.