
വൈക്കം: കൊവിഡിന് ശേഷം ആദ്യമായി പൂർണ്ണമായ ആചാരനിറവിൽ വൈക്കം മഹദേവ ക്ഷേത്രത്തിൽ കുംഭാഷ്ടമി ആഘോഷിച്ചു. അഷ്ടമി ദർശനത്തിനായി ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരൻ കോങ്ങാടുകുന്നേൽ ശങ്കരനാരായണൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. കുംഭാഷ്ടമിയുടെ ഭാഗമായി അന്നദാന പ്രഭുവിന്റെ സന്നിധാനത്തിൽ നടന്ന പ്രാതലിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
പുത്രനായ ഉദയനാപുരത്തപ്പന്റെ വൈക്കം മഹദേവ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ആചാര പ്രകാരം നടന്നു. ഗജവീരൻ വേമ്പനാട് അർജുനൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. വൈക്കത്തപ്പന്റെ തിടമ്പ് ഗജവീരൻ വേമ്പനാട് വാസുദേവൻ ശിരസ്സിലേറ്റി. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കിഴക്കോട്ടെഴുന്നള്ളിപ്പിനെ ഭക്തർ നിറദീപം തെളിയിച്ച് നിറപറ ഒരുക്കി വരവേറ്റു. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും കുടി അധീനതയിലുള്ള ക്യഷി സ്ഥലങ്ങൾ സന്ദർശിച്ച് വിളവെടുപ്പ് കാണാനും പാട്ടം പിരിക്കാനുമുള്ള വരവാണ് കിഴക്കോട്ടെഴുന്നള്ളിപ്പ് എന്നാണ് വിശ്വാസം. അടിമ വഴിപാട് നടത്താനും ധാരളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. എഴുന്നള്ളിപ്പിന് വാഴമന, കൂർക്കശ്ശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവും നടത്തി.
തിരിച്ചെഴുന്നെള്ളിപ്പിന് ആറാട്ടു കുളങ്ങരയിൽ സ്വർണ്ണ കുടയുൾപ്പടെയുള്ള അലങ്കാരങ്ങളോടെ വരവേറ്റു. വൈക്കം ക്ഷേത്രത്തിന് കിഴക്കേ ഗോപുരം വരെയുള്ള വിവിധ പ്രദേശങ്ങളിൽ വിളക്കുവയ്പും ഉണ്ടായിരുന്നു. വൈക്കം ക്ഷേത്രത്തിലെത്തിയതോടെ അഷ്ടമി വിളക്കിനും വലിയ കാണിക്കയ്ക്കും ശേഷം ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടന്നു. കുംഭാഷ്ടമിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ലക്ഷദീപവും നടത്തി. ഉൽസവത്തിന്റെ ഭാഗമായി നാളെ ഉദയനാപുരം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ ഉണ്ടാവും .