പാലാ: കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മൂലേത്തുണ്ടി നിവാസികളുടെ പട്ടയമെന്ന ചിരകാല സ്വപ്നം യഥാർത്ഥ്യമാകുന്നു.രാജീവ് ഗാന്ധി ദശലക്ഷ പദ്ധതി പ്രകാരം 1996 ൽ ലഭിച്ച വീടുകൾക്ക് നാളിതു വരെ പട്ടയമോ മറ്റ് ഉടമസ്ഥാവകാശ രേഖകളോ ഒന്നും ലഭിച്ചിരുന്നില്ല. 42 പാവപ്പെട്ട കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇവർക്ക് പട്ടയം ലഭ്യമാക്കണമെന്ന് കൊഴുവനാൽ പഞ്ചായത്ത് സമിതി സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഹൗസിംഗ് ബോർഡ് പട്ടയം ലഭ്യമാക്കുന്നതിനാവശ്യമായ പ്രാരംഭ രേഖകൾ ഇന്നലെ പഞ്ചായത്തിൽ നടന്ന അദാലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് കൈമാറി. ഒരു മാസത്തിനുള്ളിൽ പട്ടയ വിതരണം പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് പറഞ്ഞു. വൈസ് പ്രസിഡന്റ് രാജേഷ് ബി.,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സ്മിത വിനോദ്, വാർഡ് മെമ്പർ അഡ്വ. ജി.അനീഷ്, ഹൗസിംഗ് ബോർഡ് ഓഫീസർ ഉഷ,മീനച്ചിൽ വില്ലേജ് ഓഫീസർ ബിനു,ഗുണഭോക്താക്കളായ വരദൻ പുളവൻമല, ജോണി പി.സി., രജനി മനോജ്, ഓമന രാജു, സുമ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.