
കോട്ടയം : കാലിത്തീറ്റകൾക്ക് വില വർദ്ധിച്ചതോടെ കുറഞ്ഞവിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണനിരവാരമില്ലാത്ത കാലിത്തീറ്റയുടെ കച്ചവടം വ്യാപകമാകുന്നു. അംഗീകാരമില്ലാത്ത കാലിത്തീറ്റകൾ ഓൺലൈനായും നേരിട്ടും കർഷകരിലെത്തിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണ്. ഭക്ഷ്യ വസ്തുക്കളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിച്ച ശേഷമുള്ള അവശിഷ്ടങ്ങളാണ് കാലിത്തീറ്റയായി വിപണിയിലെത്തുന്നത്. സാധാരണ കാലിത്തീറ്റയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടുന്നതിനാൽ ക്ഷീരകർഷകരും ഇതാണ് കൂടുതലായി വാങ്ങുന്നത്. ഗുണനിലവാരം പരിശോധിക്കാതെ 50 കിലോ വീതമുള്ള ചാക്കുകളിലാണ് കാലിത്തീറകൾ എത്തുന്നത്. തമിഴ്‌നാട്, മംഗലാപുരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്തരം കാലിത്തീറ്റ എത്തുന്നതെന്നാണ് കർഷകർ പറയുന്നത്.
പറഞ്ഞ് വിശ്വസിപ്പിക്കും
ഏജന്റുമാർ ക്ഷീരകർഷകരുടെ വീടുകളിലെത്തി കുറഞ്ഞവിലയ്ക്ക് കാലിത്തീറ്റ എത്തിക്കാമെന്ന് പറഞ്ഞ് ഓർഡറുകൾ സ്വീകരിക്കയാണ് ചെയ്യുന്നത്. അതിനുശേഷം ആവശ്യക്കാർക്ക് ഒന്നിച്ച് എത്തിച്ചുനൽകും. ബിയർ ഉത്പാദിപ്പിച്ച ശേഷം ഡിസ്റ്റിലറികളിൽ നിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങളാണ് കൂടുതലും ഇത്തരം കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കിലോയ്ക്ക് എട്ട് മുതൽ പത്ത് രൂപ വരെയാണ് വില. ചോളം, കപ്പ, ഗോതമ്പ് തുടങ്ങിയവ സംസ്‌കരിച്ചതിന് ശേഷം കിട്ടുന്ന അവശിഷ്ടങ്ങൾ കൊണ്ടും കാലിത്തീറ്റകൾ നിർമ്മിക്കാറുണ്ട്. പോഷകം കുറഞ്ഞതും ജലാംശം അടങ്ങിയതുമായ ഇത്തരം ജൈവവസ്തുക്കൾ വേഗം കേടാകാൻ സാദ്ധ്യതയുണ്ട്.