sandhya

പാലാ: സൈബർ ലോകത്തെ ചതിക്കുഴികൾ പുതുതലമുറ മനസിലാക്കേണ്ടതുണ്ടെന്ന് ഫയർഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ ഒാർമ്മിപ്പിച്ചു. വേണ്ട സമയത്ത് പെൺകുട്ടികൾ പ്രതികരിക്കേണ്ടതുണ്ട്.

പാലാ അൽഫോൻസാ കോളേജിന്റെ ആഭിമുഖ്യത്തിൽ പാലാ പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'നമ്മുടെ പൊന്നോമനകൾ ' പദ്ധതിയുടെ ഉദ്ഘാടനവും വനിതാ സൈബർ സുരക്ഷാ സെമിനാറിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

സൈബർ ഇടങ്ങളിൽ പരിചയപ്പെടുന്ന ആളുകളോട് എല്ലാം തുറന്നുപറയുന്ന സമീപനം ശരിയല്ല. ധാരാളം കുറ്റകൃത്യങ്ങൾ ഇന്ന് സൈബർ ലോകത്ത് നടക്കുന്നുണ്ട്. ഇങ്ങനെ എന്തെങ്കിലും പ്രശ്‌നത്തിൽ വീണുപോയാൽ ഉടൻ മാതാപിതാക്കളോടും ആദ്ധ്യാപകരോടും പൊലീസിനോടുപോലും തുറന്നുപറയാനുള്ള മാനസികാവസ്ഥയുണ്ടാക്കണം. ഇത്തരത്തിലുള്ള ഒരു കുറ്റകൃത്യത്തെയും നിസ്സാരമായി കാണരുത്. സമയോചിതമായ ഇടപെടലിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയുമെന്നും സന്ധ്യ പറഞ്ഞു.

പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് സഹായവും സംരക്ഷണവും ഒരുക്കുന്നതിനായി രൂപീകരിച്ച 'നമ്മുടെ പൊന്നോമനകൾ' പദ്ധതി മാതൃകയാണെന്ന് ഡി.ജി.പി. ചൂണ്ടിക്കാട്ടി.

അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ റെജീനാമ്മ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അഡീഷണൽ എസ്.പി. എസ്. സുരേഷ്‌കുമാർ, പാലാ ഡിവൈ.എസ്.പി. ഷാജു ജോസ്, കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ എന്നിവർ ആശംസകൾ നേർന്നു. കോളേജ് ബർസാർ റവ. ഡോ. ജോസ് ജോസഫ് സ്വാഗതവും കോളേജ് എൻ.എസ്.എസ്. കോ- ഓർഡിനേറ്റർ ഡോ. സിനിമോൾ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

അൽഫോൻസാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും വനിതാ സെല്ലിന്റെയും പാലാ പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സെമിനാർ കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ രാജേഷ് മണിമല നയിച്ചു.