thanniamthan-

കോട്ടയം: നല്ല നാടൻ തണ്ണിമത്തൻ വേണോ, പായിപ്പാട്ടേയ്ക്ക് പോരെ.ചൂടിന് കാഠിന്യമേറിയതോടെ ജോൺസന്റെ പാടത്തെ തണ്ണിമത്തനും ഡിമാൻഡേറി. തണ്ണിമത്തൻ വിളവെടുക്കുന്നതിന്റെയും ആവശ്യക്കാർക്കും കൊടുക്കുന്നതിന്റെയും തിരക്കിലാണ് ജോൺസണും പണിക്കാരും. പായിപ്പാട് അയിത്തമുണ്ടകം അടവിച്ചിറ പള്ളിക്കച്ചിറ ജോൺസൺ എന്നറിയപ്പെടുന്ന തോമസ് ജേക്കബിന്റെ പാടശേഖരത്തിലാണ് തണ്ണിമത്തൻ വിളഞ്ഞു കിടക്കുന്നത്. രണ്ടേക്കർ പാടശേഖരത്തിൽ 1200 തടത്തിലാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്.

പച്ചക്കറികളും ചീരയും പടവലവും കോവലും കൃഷിയിറക്കിയിരുന്ന ജോൺസൺ ആദ്യമായാണ് തണ്ണിമത്തൻ പരീക്ഷിച്ചത്. പരീക്ഷണം വിജയിച്ചെന്നും പ്രതീക്ഷിച്ചതിനെക്കാൾ അധികം വരുമാനം നേടാൻ സാധിച്ചെന്നും ജോൺസൺ പറഞ്ഞു. 'ആലപ്പുഴ കഞ്ഞിക്കുഴിയിൽ, തണ്ണിമത്തൻ കൃഷി ചെയ്തതിന്റെ വ്ളോഗ് മകൻ തനിക്ക് യുട്യൂബിൽ കാണിച്ചു തന്നിരുന്നു. ഇത് കണ്ടതിനെ തുടർന്നാണ് തണ്ണിമത്തൻ കൃഷിയെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന്, ഇതിനായുള്ള നല്ലയിനം വിത്തുകളെപ്പറ്റി ഓൺലൈനിലും മറ്റും അന്വേഷിച്ചു. തിരുവല്ലായിലുള്ള റിട്ട. അഗ്രികൾച്ചറൽ ഓഫീസർ റോയിയുമായി ബന്ധപ്പെട്ടപ്പോൾ ഇറക്കുമതി ചെയ്ത തണ്ണിമത്തൻ വിത്തിനെക്കുറിച്ച് അറിയാനിടയായി. 44000 രൂപയുടെ വിത്താണ് കൃഷിയ്ക്കായി വാങ്ങിയത്. ഒരു പായ്ക്കറ്റിൽ 2000 വിത്തുകളാണ് ഉള്ളത്. ഇതിൽ കാൽകിലോ ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. ഒരു ലക്ഷത്തിപതിനായിരം രൂപ ചെലവാക്കി. നാല് ലക്ഷം രൂപ ലാഭം ലഭിച്ചുകഴിഞ്ഞു. 70 ദിവസമാണ് കാലയളവ്. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ്. അതിനാൽ തണ്ണിമത്തന് ആവശ്യക്കാരും ഏറെയാണ്. കോഴിക്കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിച്ചത്. കിരൺ സാൻട്രോ എന്ന വിത്തിനം ആണ് കൃഷിയിറക്കിയത്. രണ്ട് കിലോ മുതൽ നാല് കിലോ തൂക്കം വരെയുള്ള തണ്ണിമത്തൻ ലഭിച്ചു. ജില്ലയ്ക്ക് പുറത്തു നിന്നും ആളുകൾ തണ്ണിമത്തൻ വാങ്ങാൻ എത്തുന്നുണ്ട്. 20 രൂപയാണ് വില.'

തണ്ണിമത്തന് ഒപ്പം ചീരയും പടവലവും കോവലും വഴുതനയും മൂന്ന് ഏക്കറിൽ കൃഷിയിറക്കിയിട്ടുണ്ട്.

'കൃഷി വകുപ്പിൽ നിന്ന ആനുകൂല്യങ്ങൾ വാങ്ങാൻ പായിപ്പാട് പഞ്ചായത്തിലെ നാനൂറോളം കർഷകരുണ്ട്. എന്നാൽ കൃഷിയിറക്കാൻ വിരലിൽ എണ്ണാവുന്ന ആളുകളെയുള്ളൂ. വരുംവർഷങ്ങളിലും തണ്ണിമത്തൻ കൃഷിയിറക്കും'

- ജോൺസൺ, കർഷകൻ