
കോട്ടയം: നാട്ടിലിറങ്ങിയ കുറുനരി കെണിയിൽ കുടുക്കി. കറുകച്ചാൽ മെെലാടിയിൽ തത്തക്കാട്ട് പുളിക്കൽ റസലിന്റെ പുരയിടത്തിൽ സ്ഥാപിച്ച കെണിയിലാണ് ബുധനാഴ്ച വൈകീട്ട് കുറുനരി കുടുങ്ങിയത്. ഏറെ നാളായി ഈ പ്രദേശത്ത് കുറുനരിയുടെയും കാട്ടുമാക്കാൻെയും ശല്യം രൂക്ഷമായിരുന്നു. റസലിൻെ ഏഴു കോഴികളെയാണ് ഒരാഴ്ചയ്ക്കിടെ പിടിച്ചത്. ഇതേത്തുടർന്നാണ് വനം വകുപ്പിന്റെ നിർദേശാനുസരണം ഇരുമ്പ് കൂടുണ്ടാക്കി സ്ഥാപിച്ചത്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഏറെ നാളായി വന്യജീവി ശല്യമുണ്ട്. പ്രത്യേകിച്ച് കങ്ങഴ, പാമ്പാടി, വാകത്താനം,വാഴൂർ, നെടുംകുന്നം, മണിമല തുടങ്ങിയിടങ്ങളിൽ. കോഴി, മുയൽ, വളർത്തുപക്ഷികൾ എന്നിവയെ പിടികൂടുന്നത് പതിവായിരുന്നു. വനത്തിൽ നിന്നെത്തുന്ന മൃഗങ്ങൾ സമീപത്ത് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ തമ്പടിക്കുകയാണ് പതിവ്. കാട്ടിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതിനാലാവാം വന്യജീവികൾ നാട്ടിലിറങ്ങുന്നത്. വനാതിർത്തിയിൽ സംരക്ഷണവേലി ഇല്ലാത്തത് ഇവയ്ക്ക് എളുപ്പമായി.
'സ്ഥിരമായി മുട്ടയിടുന്ന ഏഴ് വലിയ കോഴികളെയാണ് കഴിഞ്ഞയാഴ്ച പിടിച്ചു കൊണ്ടുപോയത്. വനം വകുപ്പിൽ അറിയിച്ചപ്പോൾ കൂട് വയ്ക്കാൻ നിർദേശിക്കുകയായിരുന്നു. '
- റസൽ.പി ജോൺ (പുരയിടത്തിൻെ ഉടമ)