prf-mathew

കോട്ടയം: മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. മാത്യു ഉലകംതറ (91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ വെച്ചൂച്ചിറ പുത്തേട്ട് കുടുംബാഗമാണ്. മക്കൾ: ജിയോ, ജിമ്മി, ജോയ്‌സ്, ജാസ്മിൻ. മരുമക്കൾ: ആലീസ് (റിട്ട അദ്ധ്യാപിക മേനാംപറമ്പിൽ, ചേർത്തല), ബിന്ദു പുളിക്കൽ (അയ്യമ്പള്ളി), തോമസുകുട്ടി കണിയാംകുന്നേൽ (ഈരാറ്റുപേട്ട). 1931-ൽ വൈക്കത്തായിരുന്നു ജനനം. തേവര എസ്. എച്ച് കോളേജിൽ മലയാളം അദ്ധ്യാപകനും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഓണററി പ്രൊഫസറും ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരുമായിരുന്നു. കേരള, എം.ജി എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അമ്പതോളം കൃതികൾ രചിച്ചു. ക്രിസ്തുഗാഥയാണ് വിഖ്യാത കൃതി.