mm

പെരുന്ന: മന്നം ജയന്തി പൊതുഅവധി ആക്കണമെന്നതടക്കം എൻ.എസ്.എസ് ഉന്നയിക്കുന്ന ആവശ്യങ്ങൾ സംസ്ഥാന സർക്കാർ നിരാകരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നത്തിന്റെയും എൻ.എസ്.എസിന്റെയും സേവനങ്ങളെ ബോധപൂർവം അംഗീകരിക്കാത്ത സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്നും തെറ്റ് തിരുത്തിയില്ലെങ്കിൽ പ്രതികരിക്കാൻ സമുദായാംഗങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ നടന്ന സമാധി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതുര,വിദ്യാഭ്യാസ മേഖലയിൽ എൻ.എസ്.എസ് ചെയ്യുന്നതുപോലെയുള്ള സേവനം മറ്റാര് ചെയ്യുന്നുണ്ട്. കൊവിഡ്, പ്രളയകാലത്ത് ലക്ഷക്കണക്കിന് രൂപ സഹായമായി നൽകി. എന്നിട്ടും ഭരണാധികാരികൾ ഇതൊന്നും അംഗീകരിക്കാത്ത നിലപാടിലാണ്. എൻ.എസ്.എസിന് ആരോടും എതിർപ്പില്ല. രാഷ്ട്രീയവുമില്ല. മറ്റ് ചില സംഘടനകൾക്ക് സർക്കാർ കൊടുക്കുന്ന അംഗീകാരം കാണുമ്പോൾ, മന്നത്തിനെ അവഗണിക്കുന്നതായി തോന്നുന്നു. സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് പ്രതിജ്ഞ സമുദായപ്രവർത്തകർക്ക് ജി.സുകുമാരൻ നായർ ചൊല്ലിക്കൊടുത്തു. പുഷ്പാർച്ചനയിലും ഉപവാസത്തിലും പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, സംഘടനാ വിഭാഗം മേധാവി പി.എൻ.സുരേഷ്, ട്രഷറർ ഡോ.എം.ശശികുമാർ,നായകസഭാംഗം ഹരികുമാർ കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.