പാലാ : പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഭരണങ്ങാനത്ത് തെരുവിൽ കഴിയുന്നവരെ മുടിവെട്ടി കുളിപ്പിച്ച് ഒരുക്കി. നേരത്തെ ഒരു ഹൈന്ദവ സഹോദരന് സ്വന്തം വൃക്ക നൽകിയും മാർ ജേക്കബ് മുരിക്കൻ മാതൃകയായിരുന്നു. ഇന്നലെ രാവിലെ ഭരണങ്ങാനം പള്ളിയുടെ ഗ്രോട്ടോയ്ക്ക് മുൻവശം റോഡിൽ വച്ചാണ് ബിഷപ്പ് ഒരാളുടെ മുടിവെട്ടി കുളിപ്പിച്ച് ഒരുക്കിയത്. ആകാശപ്പറവകളുടെയും പാലാ സൻമനസ് കൂട്ടായ്മയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. മുടിവെട്ടി കുളിപ്പിച്ച് പുതുവസ്ത്രം കൊടുത്ത് ആഹാരം നൽകി അവരെ പുതിയ വെളിച്ചത്തിലേക്ക് നയിക്കുന്ന രിപാടിയ്ക്ക് പാലാ ജനമൈത്രി പൊലീസും പിന്തുണയേകി. ദരിദ്രജനത്തെ സംരക്ഷിക്കുന്നത് ഈശ്വരനോടുള്ള പുണ്യപ്രാർത്ഥന തന്നെയാണെന്ന് ബിഷപ്പ് പറഞ്ഞു. പാലാ രൂപതാ വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. അഗസ്റ്റ്യൻ തെരുവത്ത്, ഫാ. ജെയിംസ് സി.എം.ഐ, സൻമനസ് ജോർജ്ജ്, സിബി സെബാസ്റ്റ്യൻ, പാലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയസദനം, ജോയി കുഴിപ്പാല, ലിസി സണ്ണി, ഷേർളി ബേബി, പാലാ ഡിവൈ.എസ്.പി. ഷാജു ജോസ്, സി.ഐ കെ.പി. ടോംസൺ, ജനമൈത്രി സി.ആർ.ഒ. എ.ടി.ഷാജി, എ.എസ്.ഐ. സുദേവ്, പ്രഭു കെ. ശിവറാം, സിസ്റ്റർ വനജ, റെജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.