പാലാ : ജലവിഭവ വകുപ്പ് മന്ത്രിയുടെ നാട്ടിൽ റോഡിൽ കുളംകുത്തി വാട്ടർഅതോറിറ്റിക്കാർ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിട്ട് അഞ്ച് ദിവസം !
പൈപ്പ് പൊട്ടിയത് നന്നാക്കാനെന്ന പേരിലാണ് ഏറെത്തിരക്കേറിയ പാലാ ടി.ബി റോഡിൽ ആഴത്തിൽ കുഴികുത്തിയത്. പണികൾ നടക്കുന്നതിനാൽ കഴിഞ്ഞ നാലുദിവസമായി ഇവിടേയ്ക്കുള്ള കുടിവെള്ള വിതരണവും മുടക്കി. ഇതുമൂലം പാലാ അമ്പലപ്പുറത്ത് ഭഗവതിക്ഷേത്രം റോഡിലെയും സമീപഭാഗങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചു. നാലുദിവസം ഒരു തുള്ളി വെള്ളം കിട്ടാതായതോടെ ജനങ്ങളാകെ വലഞ്ഞു. പ്രാഥമകാവശ്യങ്ങൾ നിർവഹിക്കാൻ പോകാൻ പോലും വയ്യാത്ത ഗതികേടിലായിപ്പോയി ആളുകൾ. നാല് മാസം മുമ്പും ടി.ബി. റോഡിൽ അമ്പലപ്പുറത്ത് ശ്രീരാജരാജ ഗണപതി ക്ഷേത്രത്തിന് തൊട്ടുമുന്നിൽ പൈപ്പ് നന്നാക്കാനായി റോഡിന് കുറുകെ കുഴിയെടുത്തിരുന്നു. അന്നും രണ്ടാഴ്ച കഴിഞ്ഞാണ് മൂടിയത്. ഇത്തവണ ഇതിന് സമീപം തന്നെയാണ് നാലടിയോളം താഴ്ചയിൽ കുഴിയെടുത്തത്. കുഴിയെടുക്കുന്നതിനിടെ വീണ്ടും പൈപ്പ് പൊട്ടി. ഇതോടെ ജലപ്രളയമായി.

അപകടക്കെണിയായി

കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. കുഴിക്ക് ചുറ്റും പ്ലാസ്റ്റിക് നാട വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും പ്രത്യേകിച്ച് രാത്രിയിൽ സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. വകുപ്പുമന്ത്രിയുടെ നാട്ടിൽതന്നെ കെടുകാര്യസ്ഥതയോടെ പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. നാലുദിവസമായി കുടിവെള്ളം മുടങ്ങിയിട്ടും ഒരു ഉദ്യോഗസ്ഥൻ പോലും അന്വേഷിക്കാൻ എത്തിയില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.