
കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇന്നലെ അർദ്ധരാത്രി പൊന്തൻപുഴവനത്തിൽ കുടുംബം സഞ്ചരിച്ച കാർ കത്തിയതാണ് ഒടുവിലത്തെ സംഭവം. ചൂട് കൂടുന്നത് മുതൽ അശ്രദ്ധവരെ കാരണമായി മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഓട്ടത്തിനിടയിലും നിറുത്തിയിട്ട വാഹനങ്ങളും തീപിടിച്ച് നശിച്ച സംഭവങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമുണ്ടായിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. ഷോർട്ട് സർക്യൂട്ട് അടക്കം തീപിടിത്തത്തിന് കാരണമാകുന്നു. വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് സീറ്റ് അപ്‌ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
രാവിലെ വാഹനം നിറുത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടോ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ശീലമാക്കിയാൽ ഒരു പരിധി വരെ തിപിടിത്തം ഒഴിവാക്കാം. വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്‌മെന്റ് വൃത്തിയാക്കി വയ്ക്കുന്നതും ശീലമാക്കണം. ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്‌നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
 ഇടവേളകളിൽ ലൈനുകൾ പരിശോധിച്ച് ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കണം
 വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിച്ചിട്ടുള്ള പാർട്‌സുകൾ ഉപയോഗിക്കണം
 ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കണം
 പാനൽ ബോർഡ് വാണിംഗ് ലാംപുകൾ നിരീക്ഷിക്കണം. കൂളന്റും ഓയിലും മാറ്റണം
 വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
 കന്നാസിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കണം
 വിനോദ യാത്രയ്ക്കിടെ വാഹനങ്ങളിൽ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്
 തീ ആളിപ്പിടിക്കുന്ന റെക്‌സിൻ കവറുകളും പോളിയെസ്റ്റർ കവറുകളും ഒഴിവാക്കണം
' തീപിടിത്തം തടയാൻ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി ചെയ്യുകയാണ് പ്രധാനം' നാരായണൻ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ