karthika-

കോട്ടയം: ഇന്നലെ രാവിലെ ഉറക്കമുണർന്നത് വെടിയൊച്ചകളുടെയും മിസൈലുകളുടെയും ശബ്ദം കേട്ടാണ്. ഒന്നരദിവസത്തേയ്ക്കു കൂടിയുള്ള ഭക്ഷണം മാത്രമേ ഇവിടെയുള്ളൂ, ബോംബ് വർഷിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രകമ്പനം അടുത്തറിയാനാകുന്നുണ്ടെന്ന് ഫോണിലൂടെ കുമാരനെല്ലൂർ സ്വദേശി കാർത്തിക പറഞ്ഞു. റഷ്യയും യുക്രെയിനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന കാർകീവിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളാണ് കാർത്തിക. കുമാരനല്ലൂർ കാർത്തികയിൽ ഉണ്ണികൃഷ്ണൻ നായരുടെയും ഗിരിജാ കുമാരിയുടെയും മകൾ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കാർത്തിക എം.ബി.ബി.എസ് അഡ്മിഷൻ നേടി യുക്രെയിനിലെ കാർകീവിലേയ്ക്കു പോയത്. അവിടെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മാർച്ച് ഒന്നിന് ക്ലാസ് തുടങ്ങാനിരിക്കെയാണ് യുദ്ധമുണ്ടായത്. നാട്ടിലേയ്ക്കു പോരാനുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും, ആദ്യ മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകിയതിനു പിന്നാലെ തന്നെ എയർ പോർട്ടുകൾ അടച്ചു.

വി.എൻ ഖറസിൻ കാർകീവ് നാഷണൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ് കാർത്തിക. നിലവിൽ മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 120 മലയാളി പെൺകുട്ടികളുൾപ്പെടെ കീവിലെ ഹോട്ടലിലെ ബങ്കറിലാണ് ഇപ്പോൾ കഴിയുന്നത്. ഏതു നിമിഷവും ഇവിടെ ആക്രമണമുണ്ടാകാമെന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. വൈകുന്നേരം 3 മുതൽ രാവിലെ 6 വരെയുള്ള സമയങ്ങളിൽ കടുത്ത തണുപ്പാണ് . ഇവർ താമസിക്കുന്ന കെട്ടിടത്തിന് എതിർവശത്ത് 270 ഓളം വിദ്യാർത്ഥികൾ താമസിക്കുന്നുണ്ട്.

' എംബസികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. സമീപത്തെ ബിൽഡിംഗിൽ നിന്നും വലിയ തോതിൽ പുക കാണുന്നുണ്ട്. പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ബങ്കറിൽ ഒരു വാതിൽ മാത്രമാണുള്ളത്. ഒന്നരദിവസത്തേയ്ക്കുള്ള ഭക്ഷണം മാത്രമേ മെസിൽ നിന്ന് ലഭിക്കൂ. മുറിയിൽ രണ്ട് ലൈറ്റേ ഉള്ളൂ. മൂന്ന് പേർക്ക് ഒരു കാൻ എന്ന കണക്കിലാണ് വെള്ളം . നെറ്റ് വർക്ക് പ്രശ്‌നമുള്ളതിനാൽ, വീട്ടുകാരുമായി രണ്ട് ഹോട്ട്‌സ്‌പോട്ട് കണക്ട് ചെയ്താണ് ബന്ധപ്പെടുന്നത്. എത്രയും വേഗം നാട്ടിലെത്താനാണ് പ്രാർത്ഥിക്കുന്നത്. -കാർത്തിക പറഞ്ഞു.