പാലാ : വലവൂർ ഗവ:യു പി സ്‌കൂളിൽ ആരംഭിച്ച 'വലവൂരിന്റെ വളക്കൂറിൽ ' സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടന്നു. രാമപുരം ഉപ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജോസഫ് കെ.കെയും, വിദ്യാർത്ഥിനി സോന സുരേഷും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തരിശായി കിടന്ന സ്‌കൂൾ വളപ്പിൽ ഇച്ഛാശക്തി കൊണ്ട് പൊന്നുവിളയിച്ച പി.ടി.എയെയും, വിദ്യാർത്ഥികളേയും എ.ഇ.ഒ അഭിനന്ദിച്ചു. സ്‌കൂളിൽ നിന്ന് വീടുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനും സ്‌കൂളിലെ കൃഷി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും കൃഷി വകുപ്പിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് കരൂർ കൃഷിഭവൻ കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ പറഞ്ഞു. ഹൈടെക് കൃഷി രീതികൾ അവലംബിച്ച് എല്ലാ കുട്ടികൾക്കും അവരവരുടെ വീടുകളിലേയ്ക്ക് എല്ലാ മാസവും വിഷരഹിതമായ പച്ചക്കറികൾ നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ അറിയിച്ചു. പി.ടി.എ പ്രസിഡന്റ് റെജി എം.ആർ ആശംസ നേർന്നു. സ്‌കൂൾ ലീഡർ ആൽബിൻ സജി നന്ദി പറഞ്ഞു.