students

കോട്ടയം : പുറത്തിറങ്ങാൻ സാധിക്കുന്നില്ല, മിസൈലുകളുടെയും, ബോംബുകൾ വർഷിക്കുന്നതിന്റെയും ശബദ്ങ്ങൾ മാത്രമാണ് കേൾക്കുന്നത്. കഴിഞ്ഞ ദിവസം ബങ്കറിലായിരുന്നു. ഇവിടെ നിന്ന് ഇന്നലെ ഹോസ്റ്റലിലെ ഗ്രാണ്ട് ഫ്ലോറിലേക്ക് മാറി. ഏത് സമയവും എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. കീവിലെ ബങ്കറിൽ നിന്ന് കോട്ടയം സ്വദേശികളായ ഷെഫ്‌നയും കാർത്തികയും ഇത് പറയുമ്പോൾ ഭീതി വിട്ടൊഴിയുന്നില്ല. 200 ഓളം വിദ്യാർത്ഥികൾ ഇവിടെ താമസിക്കുന്നുണ്ട്. ഒരു മുറിയിൽ 7 മുതൽ 15 വിദ്യാർത്ഥികൾ വരെ താമസിക്കുന്ന സാഹചര്യമാണ്. കൈവശമുള്ള ഭക്ഷണം തീർന്നുവരുന്ന സാഹചര്യമാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്കും പ്രതിസന്ധി നേരിടുന്ന സ്ഥിതിയാണ്. എത്രയും വേഗം നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്ന് ഇരുവരും പറഞ്ഞു.

ബോർഡറിൽ എത്തിച്ചേരാനാകാതെ
എപ്പോഴും സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്, അതിർത്തിയിലേക്ക് എത്തിപ്പെടണമെങ്കിൽ റോഡ് മാർഗം മാത്രമാണുള്ളത്. എന്നാൽ വാഹനസൗകര്യമില്ല. വിനീസിയ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കോട്ടയം സ്വദേശികളായ ശരത്, ലക്ഷ്മി, എറണാകുളം സ്വദേശി നേഹ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ദുരിതമിതാണ്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് റുമേനിയ, ഹംഗറിയൻ അതിർത്തിയിലേക്ക് ബസുകളയ്ക്കാം എന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന നിർദ്ദേശം. പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. അതിർത്തിയിൽ എത്തിയവർ പോലും കുടുങ്ങിക്കിടക്കുകയാണ്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് 3, 6 വർഷ വിദ്യാർത്ഥികൾ നാട്ടിലേക്ക് പോകരുതെന്നാണ് അറിയിപ്പ് ലഭിച്ചിരുന്നത്. ഓൺലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേയ്ക്ക് പൂർണമായും നിറുത്തി. വിനീസിയയിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക് ഇന്നലെ മാറി. ഭക്ഷണകാര്യത്തിലാണ് ഇവർക്കും ആശങ്ക.