
കോട്ടയം : നീങ്ങിത്തുടങ്ങുന്ന ട്രെയിനിലേയ്ക്ക് ഒരു കാരണവശാലും ഓടിക്കയറരുതെന്ന് റെയിൽവേയുടെ മുന്നറിയിപ്പ്. തൃശൂരിലുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചതാണ് ഒടുവിലെത്തെ സംഭവം. അശ്രദ്ധയും പരിസരബോധമില്ലായ്മയുമാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ട്രെയിൻ നിറുത്തിയിട്ടിരിക്കുകയാണെന്ന വിചാരത്തിൽ രണ്ടുകൈയിലും സാധനങ്ങളുമായാണ് പലരും കയറാനെത്തുന്നത്. അപ്പോഴേക്കും ട്രെയിൻ നീങ്ങുന്നത് കാണും. പിന്നെ സാധനങ്ങൾ കൈമാറാനോ സുരക്ഷിതമായി കയറാനോ സാധിക്കില്ല. ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിനിനടിയിലേക്കു വായുപ്രവാഹമുണ്ടാകും. വീഴുന്നവരെ ഇത് ഉള്ളിലേക്ക് വലിക്കും. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് ആളുകൾ വീഴാനുള്ള കാരണം ഇതാണ്.
അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടവ
യാത്ര തുടങ്ങും മുൻപ് അത്യാവശ്യ സാധനങ്ങൾ വാങ്ങി കൈയിൽ കരുതുക. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ ഇറങ്ങുന്നത് പരമാവധി കുറയ്ക്കുക
ഓരോ ട്രെയിനും പ്ലാറ്റ്‌ഫോമിലെത്തുന്നതിന് മുൻപും പുറപ്പെടുന്നതിനു മുൻപും നടത്തുന്ന അനൗൺസ്‌മെന്റുകൾ ശ്രദ്ധിക്കുക
നിങ്ങൾ സഞ്ചരിക്കുന്ന ട്രെയിൻ ആ സ്റ്റേഷനിൽ എത്രനേരം നിറുത്തുമെന്ന് കൃത്യമായി അന്വേഷിക്കുക
ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങുകയും ട്രെയിൻ നീങ്ങുകയും ചെയ്താൽ ഒരു കാരണവശാലും തിരികെ ചാടിക്കയറാൻ ശ്രമിക്കരുത്.
'' രണ്ടു കൈയിലും ഭക്ഷണ സാധനങ്ങളോ വെള്ളക്കുപ്പികളോ ഒക്കെയായി ചാടിക്കയറി കഷ്ടിച്ചു രക്ഷപ്പെടുന്നവരെ കാണാറുണ്ട്. പലർക്കും മുന്നറിയിപ്പു നൽകാറുണ്ട്
സാബു, റെയിൽവേ പൊലീസ്