കോട്ടയം: വാർഷിക പദ്ധതികളുടെ സാമ്പത്തിക വിനിയോഗം മാർച്ച് 31നകം പൂർത്തീകരിക്കാൻ തയ്യാറെടുത്ത് ജില്ലാ വികസന സമിതി. കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ മുഖേന ചേർന്ന ജില്ലാ വികസനയോഗത്തിൽ കേന്ദ്രസംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ച പദ്ധതി തുകയുടെ വിനിയോഗ പുരോഗതി അവലോകനം ചെയ്തു. തുകയുടെ പൂർണവിനിയോഗം ഉറപ്പുവരുത്തുന്നതിന് വകുപ്പ്‌ മേധാവികളുടെ അടിയന്തിരയോഗം മാർച്ച് 9ന് കളക്ട്രേറ്റിൽ ചേരും. ചെലവഴിച്ചതും പ്ലാൻ സ്‌പേസിൽ കാണിച്ചിട്ടുള്ള തുകയും ഒത്തുനോക്കി വിനിയോഗ പുരോഗതി കളക്ടർ നേരിട്ട് വിലയിരുത്തും.

കുടിവെള്ള ദൗർലഭ്യം ഉണ്ടായേക്കാവുന്ന സാഹചര്യം മുന്നിൽകണ്ട് കുടിവെള്ളവിതരണ പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികൾ നിർദേശം നൽകി. മഴയെ തുടർന്ന് മുടങ്ങിക്കിടന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണജോലികൾ പുനരാരംഭിക്കണം. മണ്ഡലങ്ങളിൽ തടസപ്പെട്ടുകിടക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ സർക്കാർ ചീഫ് വിപ്പ്‌ ഡോ. എൻ.ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി സിബി വെട്ടൂർ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ അമീർ എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു.