കാഞ്ഞിരമറ്റം : അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ക്ടാക്കുഴി ജില്ലാ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാനുള്ള സാദ്ധ്യത തെളിയുന്നു. മന്ത്രി മുഹമ്മദ് റിയാസിന് അകലക്കുന്നം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ ജേക്കബ് തോമസ് താന്നിക്കൽ, കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കാഞ്ഞിരമറ്റം വാർഡ് മെമ്പറുമായ മാത്തുക്കുട്ടി ഞായർകുളം എന്നിവർ ചേർന്ന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ഗിരീഷ്, പ്രോജ്ര്രക് എൻജിനിയർ സിമിമോൾ എന്നിവർ സ്ഥലം സന്ദർശിച്ച് സാദ്ധ്യതാപഠനം നടത്തി. വലിയ തിരക്കുകൾ ഇല്ലാത്ത ദൃശ്യ മനോഹരമായ പാറകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടമാണ് ക്ടാക്കുഴി. അപകടസാധ്യത ഇല്ലാത്ത പ്രദേശം കൂടിയാണിത്. കോട്ടയത്തു നിന്ന് 28 കിലോമീറ്ററും പാലായിൽ നിന്ന് 12 കിലോമീറ്ററുമാണ് ദൂരം.