പാലാ: നിയമലംഘനം പതിവാണ്... പക്ഷേ ആരുമില്ല ചോദിക്കാൻ. ടൗൺ ബസ് സ്റ്റാൻഡിലേയ്ക്ക് വാഹനങ്ങൾ കയറുന്നത് തോന്നുംപടി. ഇതോടെ അപകടങ്ങൾക്കും പഞ്ഞമില്ല. ഇന്നലെ രാവിലെ ഏഴരയോടെ സ്റ്റാൻഡിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കഴിഞ്ഞ ആറുമാസത്തിനിടെ ബസ് സ്റ്റാൻഡിൽ ചെറുതും വലുതുമായ പത്തോളം അപകടങ്ങളാണുണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റു. സ്റ്റാൻഡിലേക്ക് ബസുകൾ കയറുമ്പോൾ പിന്നിലൂടെ വരുന്ന വാഹനങ്ങൾ ബസിലിടിച്ച് ഉണ്ടായ അപകടങ്ങളാണ് ഏറെയും.

ബസ് സ്റ്റാൻഡിലേക്ക് ''നോ എൻട്രി'' ബോർഡ് വച്ചിട്ടുണ്ടെങ്കിലും ബസുകൾ ഉൾപ്പെടെ എല്ലാവിധ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12 നും 1 മണിക്കും ഇടയിൽ മൂന്ന് ടോറസുകൾ വരെ ബസ് സ്റ്റാൻഡിലൂടെ കയറിയിറങ്ങുന്ന കാഴ്ച കണ്ടു. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നുവേണ്ട എല്ലാവിധ വാഹനങ്ങളും ബസ് സ്റ്റാൻഡിലൂടെ പ്രവേശിക്കുകയാണ്. ഇതിനിടയിൽ ബസുകളും കയറുന്നു.

രാമപുരം, ഉഴവൂർ മേഖലകളിൽ നിന്ന് വരുന്ന വാഹനങ്ങളാണ് ടൗണിലെത്തി നേരെ ബസ് സ്റ്റാൻഡിലേക്ക് കയറുന്നത്.

നോ എൻട്രി യിൽ കര്യമില്ല

ബസ് സ്റ്റാൻഡ് കവാടത്തിൽ ട്രാഫിക് പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ഇല്ലാത്തതും ഗതാഗത നിയന്ത്രണം അസാധ്യമാക്കുന്നു.

ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരമാണ് വർഷങ്ങൾക്ക് മുമ്പേ ഇവിടെ നോ എൻട്രി ബോർഡ് സ്ഥാപിച്ചത്. പക്ഷേ കാലക്രമേണ ഇതാരും ഗൗനിക്കാതെയായതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കും അപകടങ്ങൾക്കും കാരണം.