കോട്ടയം : നഗരത്തിലെ നദികളിലും ആറുകളിലും പോള നിറയുമ്പോൾ കുളവാഴ പ്ലാന്റ് കാടുമൂടി നാശത്തിന്റെ വക്കിൽ. മാലിന്യ സംസ്കരണ പദ്ധതികളിൽ നഗരസഭ വിവിധ മാതൃകകൾ പരീക്ഷിക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മാലിന്യ നിർമ്മാർജ്ജന പദ്ധതി എങ്ങുമെത്താതെ കാട് കയറുകയാണ്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 2013 ലാണ് കോട്ടയം പച്ചക്കറി മാർക്കറ്റിന് സമീപം കൊടൂരാറിന്റെ തീരത്ത് പ്ലാന്റ് സ്ഥാപിച്ചത്. വള്ളിപ്പടർപ്പുകൾ നിറഞ്ഞാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. മെഷീനുകൾ തുരുമ്പെടുത്തു.

കൊടൂരാറ്റിലെ പോളയെന്ന കുളവാഴ സംസ്‌ക്കരിക്കുകയായിരുന്നു ഫിർമ മുഖേന നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനോടൊപ്പം പൾപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മാർക്കറ്റിലെ ലൈറ്റുകൾ കത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്ലാന്റ് തുടങ്ങി ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ ചോപ്പർ ഒടിഞ്ഞു. പുതിയ ചോപ്പർ വാങ്ങാനോ പഴയത് നന്നാക്കി ഉപയോഗിക്കാനോ നഗരസഭ നാളിതുവരെ തയ്യാറായില്ല. ചോപ്പർ മാറ്റി സ്ഥാപിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും.

പ്രവർത്തനരഹിതമായിട്ട് 9 വർഷം

കഴിഞ്ഞ ഒൻപത് വർഷമായി പ്ലാന്റ് പ്രവർത്തനരഹിതമാണ്. ഇടക്കാലത്ത് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ഇവിടെ വൃത്തിയാക്കിയിരുന്നു. പ്ലാന്റിനുള്ളിൽ പുല്ല് വളർന്ന് കെട്ടിടത്തിന് ഭീഷണിയായിരിക്കുകയാണ്. കൊടൂരാറ്റിലും ഇട തോടുകളിലും പോള നിറഞ്ഞ നിലയിലുമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ആറ്റിൽ കുളവാഴ തിങ്ങിനിറയുന്നത്.