കോട്ടയം : നഗരമദ്ധ്യത്തിലെ മാലിന്യ പോയിന്റുകളിൽ മാലിന്യം കുന്നുകൂടിയതോടെ മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിൽ ജനം. തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പോയിന്റുകളിലാണ് മാലിന്യം കൂടിക്കിടക്കുന്നത്. ശീമാട്ടി ഇടറോഡിൽ ശാസ്ത്രി റോഡിലേക്ക് പോകുന്ന ഭാഗത്തെ റോഡരികിൽ മാലിന്യമലയാണ്. പാതി കത്തി നശിച്ച നിലയിലുമാണ്. ഇതിന് സമീപത്താണ് തുമ്പൂർമുഴി പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കോടിമത മണിപ്പുഴ ബൈപ്പാസ് റോഡ്, നാഗമ്പടം, തിരുനക്കര ബി.എസ്.എൻ.എൽ റോഡ് എന്നിവിടങ്ങളിലെല്ലാം മാലിന്യം നിറഞ്ഞ നിലയാണ്.
കോടിമത പച്ചക്കറി മാർക്കറ്റിന് സമീപവും മത്സ്യ മാർക്കറ്റിനു സമീപവും മത്സ്യ - മാംസാവശിഷ്ടങ്ങൾ അടക്കം ബൈപ്പാസ് റോഡരികിലാണ് കൂടിക്കിടക്കുന്നത്. കൂടാതെ മാർക്കറ്റിന് സമീപം കാർഡ് ബോർഡ്, തെർമോക്കോൾ തുടങ്ങിയവ കൂട്ടിയിട്ട നിലയിലാണ്. നഗരസഭാ ശുചീകരണ തൊഴിലാളികൾ ദിനംപ്രതി മാലിന്യങ്ങൾ നിക്കം ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
തെരുവ് നായ ശല്യം രൂക്ഷം
തെരുവ് നായ്ക്കളും പക്ഷികളും മാലിന്യം അലക്ഷ്യമായി വലിച്ചിഴയ്ക്കുന്നതിനും ഇടയാക്കുകയാണ്. രാത്രികാലങ്ങളിൽ പ്രധാന റോഡിലടക്കം തെരുവ് നായ്ക്കൾ വാഹനങ്ങളുടെ മുൻപിലേക്ക് ചാടുന്നത് പതിവാണ്. ഇരുചക്രവാഹനയാത്രികർക്കാണ് കൂടുതൽ അപകടഭീഷണി. കോടിമത, കളക്ടറേറ്റ് റോഡ്, കഞ്ഞിക്കുഴി, മാർക്കറ്റ് റോഡ്, നാട്ടകം ഗസ്റ്റ് ഹൗസ് റോഡ്, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ ശല്യം ഏറിവരികയാണ്.