
കോട്ടയം: പൊള്ളുന്ന ചൂടിൽ എ.സി വിപണിയിൽ ഉണർവ്. കൊവിഡിനെതുടർന്ന് കഴിഞ്ഞ രണ്ട് സീസണിലും കച്ചവടം കുറവായിരുന്നെങ്കിലും ഇത്തവണ ജനുവരി മുതൽ എ.സി വിൽപ്പന സജീവമായി. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ എ. സിക്ക് വിൽപ്പന കൂടുന്നതെങ്കിലും ഇത്തവണ നേരത്തെ അന്വേഷണങ്ങളും വിൽപ്പനയും ആരംഭിച്ചു. സീസൺ പ്രമാണിച്ച് ഓഫറുകളുമുണ്ട്.
ഒരു ടണിന്റെ എ.സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിംഗുകൾ അനുസരിച്ചാണ് വിൽപ്പന. കുറവ് വൈദ്യുതി വേണ്ടവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ.
 വീട് പണിക്കൊപ്പം എ.സി
പുതിയ വീട് പണിയുമ്പോൾ ഫാനിനൊപ്പം എ.സികൂടി വാങ്ങുന്നവരാണ് ഏറെയും. ഗ്യാരന്റി, വാറന്റി, സർവീസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്. വൈഫൈ മോഡലുകളും വിപണിയിലുണ്ട്. ഇന്റർനെറ്റ് വഴി എ.സികളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്നതാണ് വൈഫൈ മോഡലുകളുടെ ഗുണം. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി ആവശ്യത്തിന് തണുപ്പിലെത്തിയിരിക്കും. തുടക്കകാലത്ത് വൈഫൈ മോഡലുകൾക്ക് വൻ വിലയായിരുന്നു. എന്നാലിപ്പോൾ കുറവുണ്ടായിട്ടുണ്ട്.
 ഓഫറുകളുടെ പൂക്കാലം
കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്ന പ്രതീക്ഷയാണ് കമ്പനി അധികൃതർ പങ്കുവയ്ക്കുന്നത്. കൂടുതൽപേരും തവണ വ്യവസ്ഥയിൽ എ.സി വാങ്ങുന്നവരാണ്. പലിശരഹിത വ്യവസ്ഥയിൽ ബജാജ് ഫിനാൻസ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകുന്നു.
'' വിപണി ഉഷാറിലാണ്. തവണ വ്യവസ്ഥയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന. കമ്പനികളെല്ലാം മികച്ച ഓഫറുകളാണ് നൽകുന്നത്. കൊവിഡിന്റെ ക്ഷീണം ഇക്കുറി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ''
-ഗിരീഷ് കോനാട്ട്, കോനാട്ട് ഏജൻസീസ്
 വില ഒരു ടൺ 25,000 രൂപ മുതൽ