mch

കോട്ടയത്തെ വിവിധ സർക്കാർ ഓഫീസുകളിൽ പി.ആർ.ഒ മാരെ മുട്ടാതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണെങ്കിലും നാടൻ ഭാഷയിൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് ഭൂരിപക്ഷവുമെന്നാണ് നാട്ടുകാരടെ പരാതി.

കോട്ടയം മെഡിക്കൽ കോളേജശുപത്രിയിൽ ഒന്നല്ല പല സമയത്ത് ഡ്യൂട്ടിയുള്ള അഞ്ചു പി.ആർ.ഒമാരുണ്ട്. വേണ്ടപ്പെട്ടവരുടെ നോമിനികളായി ദിവസക്കൂലിക്ക് കേറിയവർ. പബ്ലിക്കുമായി ഒരു റിലേഷനുമില്ലാത്ത തച്ചിന് ജോലി ചെയ്യുന്ന ഈ പബ്ലിക് റിലേഷൻസ് ഓഫീസർമാർ എന്തിനെന്നാണ് മെഡിക്കൽ കോളേജാശുപത്രിയിൽ ഓരോ കാര്യത്തിനുമെത്തുന്നവർ ചോദിക്കുന്നത്.

വാവാ സുരേഷ് പാമ്പു കടിയേററ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിലെത്തിയപ്പോൾ മാദ്ധ്യമങ്ങൾക്ക് സഹായകമായി പി.ആർ.ഒയുടെ റോൾ നിർവ്വഹിച്ചത് മന്ത്രി വി.എൻ.വാസവനായിരുന്നു .അതുകൊണ്ട് കൃത്യമായ വിവരം മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ആശുപത്രി സൂപ്രണ്ട്. ഓപ്പറേഷൻ തീയറററിൽ നിന്ന് ഇറങ്ങാൻ നേരം കിട്ടാതെ കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ദേഹത്തിന് സമയമില്ലെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാറുണ്ട്. എന്നാൽ അഞ്ചു പി.ആർ.ഒ മാരിൽ നിന്ന് വിവര ശേഖരണം നടത്തുന്നതിലും ഭേദം പാഴൂർ പടിപ്പുരയിൽപോയി കവടി നിരത്തുന്നതാണെന്നാണ് പലരുടെയും അനുഭവം .

മാദ്ധ്യമ പ്രവർത്തനത്തിൽ പരിചയ സമ്പന്നരെയോ വിവരങ്ങൾ ശേഖരിച്ച് അവ കൃത്യമായി നൽകാൻ കഴിവുള്ളവരെയോ ആണ് മിക്ക സർക്കാർ സ്ഥാപനങ്ങളിലും പി.ആർ.ഒമാരായി വയ്ക്കാറുള്ളത്. പി.ആർ.ഡി,​ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ അങ്ങനെ നിയമിച്ചിട്ടുള്ളവരെക്കുറിച്ച് പൊതു ജനങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും നല്ല മതിപ്പുമാണുള്ളത്. ഇതിന് ഘടകവിരുദ്ധമാണ് കോട്ടയം മെഡിക്കൽ കോളേജിലെ പി.ആർ.ഒമാർ. വിവരദോഷികളായ അഞ്ചു പേർക്കു പകരം വിവരമുള്ള ഒരാളെ വച്ചുകൂടേ എന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് ഉത്തരമില്ല .

പണ്ട് അത്യാഹിതവിഭാഗത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായിരുന്നു മെഡിക്കൽ കോളേജാശുപത്രിയിൽ അപകടത്തിൽ പെട്ട് എത്തുന്നവരുടെ വിവരങ്ങൾ നൽകിയിരുന്നത്. എയ്ഡ് പോസ്റ്റിലെ പൊലീസുകാരും തങ്ങൾക്കറിയാവുന്ന വിവരങ്ങൾ കുത്തിക്കുറിച്ച് നൽകിയിരുന്നു. ഇപ്പോഴത്തെ പി.ആർ.ഒ മാരിലും കൂടുതൽ വിവരം അന്നു ലഭിച്ചിരുന്നു. കൂടതൽ ആളുകളെ പി.ആർ.ഒ മാരായി നിയമിച്ചിട്ടുണ്ടെങ്കിലും എന്താണ് തങ്ങളുടെ ജോലി എന്ന് അവർക്കറിയാമോ എന്ന് സംശയമുണ്ട്. വാർത്താ വിസ്ഫോടനത്തിന്റെ കാലത്ത് കൃത്യമായ വാർത്തകർ നേരത്തേ കിട്ടണം .അല്ലാതെ രാവിലെ നടന്ന സംഭവത്തിന്റെ വിവരങ്ങൾ പത്രം അടിച്ച ശേഷമല്ല കിട്ടേണ്ടത്. നിലവിലെ സംവിധാനത്തിൽ മാററം വരുത്തണം. കൃത്യമായ വിവരങ്ങൾ അപ്പപ്പോൾ പത്രക്കുറിപ്പായി ഇറക്കാൻ മറ്റു സർക്കാർ സ്ഥാപനങ്ങളിലെ പി.ആർ.ഒ മാർക്ക് കഴിയുന്നുണ്ട്. വിവര സാങ്കേതിക വിദ്യ ഇത്ര വികസിച്ച കാലത്ത് മെഡിക്കൽ കോളേജാശുപത്രി പോലെ ജനങ്ങൾ ഏറെ ബന്ധപ്പെടുന്ന സ്ഥാപനത്തിൽ കൃത്യമായ വിവരം നൽകാൻ പ്രാപ്തരായവരെ പി.ആർ.ഒ മാരായി നിയമിക്കണമെന്നാണ് ബന്ധപ്പെട്ടവരോട് പറയാനുള്ളത്.

പൊലീസ് സ്റ്റേഷനുകളിൽ നിന്നും കൃത്യമായ വിവരം ലഭിക്കാറില്ല . രാവിലെ നടന്ന സംഭവത്തേക്കുറിച്ച് പാതിരാത്രിയായാലും വിവരം കിട്ടില്ല. എസ്.ഐ അല്ലെങ്കിൽ സി.ഐ സ്ഥലത്തില്ലെന്ന മറുപടിയാണ് എപ്പോഴും ലഭിക്കുക. ജില്ലാ തലത്തിലെങ്കിലും കുറ്റകൃത്യ വാർത്ത ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. പൊലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടെങ്കിലും രാവിലെ നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പാതിരാത്രിയിലേ ഇടൂ എന്ന വാശിയാണ് പല ഏമാൻമാർക്കുമുള്ളത്. വല്യ ഏമാൻമാർ മുൻകൈയെടുത്ത് ഇതിന് അടിയന്തിരമായി മാറ്റം വരുത്തേണ്ടിയിരിക്കുന്നു.