പാലാ : ഗവ.ഹോമിയോ ആശുപത്രിയിൽ സാന്ത്വന പരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതായി നഗരസഭാ ചെയർമാൻ ആന്റോ ജോസും, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. ഗൃഹകേന്ദ്രീകൃത പരിചരണത്തിന് ഡോക്ടറും പാലിയേറ്റീവ് നഴ്‌സും അടങ്ങിയ സംഘത്തിന്റെ സേവനം ഇനി മുതൽ ലഭ്യമാണ്. ആഴ്ചയിൽ എല്ലാ ദിവസവും ഒ.പി സൗകര്യവുമുണ്ട്. കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് അഞ്ച് കിടക്കകളോട് കൂടിയ ഐ.പി സൗകര്യവും പാലിയേറ്റീവ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു. കൊവിഡ് കാലയളവിൽ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തും. ഡി.എം.ഒ ഡോ.അജി വിൽബർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ചന്ദ്രശേഖരൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.