പാലാ : യാത്രക്കാർ വേണെങ്കിൽ പുറത്തിറങ്ങി നിന്നോണം... കട ഞങ്ങൾ ഇങ്ങനെ മുമ്പോട്ടേക്ക് ഇറക്കി വച്ചുകൊണ്ടിരിക്കും. അതിന് ആരുടെയും അനുവാദം ആവശ്യമില്ല. പാലാ ടൗൺ ബസ് സ്റ്റാൻഡിലെ ഏതാനും വ്യാപാരികളുടെ ധാർഷ്ട്യത്തിന് മുന്നിൽ ബസ് കാത്ത് വഴിയിലിറങ്ങി നിൽക്കാനാണ് സ്ത്രീകളും വിദ്യാർത്ഥിനികളും ഉൾപ്പെടെയുളള യാത്രക്കാരുടെ വിധി. ടൗൺ ബസ് സ്റ്റാൻഡിൽ പൊൻകുന്നം ഭാഗത്തേക്കുള്ള ബസുകൾ പാർക്കുചെയ്യുന്നതിന് എതിർവശമുള്ള സ്ഥലങ്ങളിലാണ് കൊവിഡിന് തൊട്ടുമുമ്പ് വരെ നിരവധി യാത്രക്കാർ ബസ് കാത്ത് നിന്നിരുന്നത്. ഇവിടെ അഞ്ച് കടകൾ ഉണ്ടെങ്കിലും ഇവയെല്ലാം ഷട്ടറിനുള്ളിൽ ഒതുങ്ങി നിൽക്കത്തക്കവിധമായിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.
എന്നാൽ അടുത്തകാലത്തായി മൂന്നുനാല് പുതിയ വ്യാപാരികൾ ഈ കടമുറികൾ ഏറ്റെടുത്തു. ഇവയിൽ മിക്കതും ലോട്ടറി വില്പന കേന്ദ്രങ്ങളുമാണ്. ഇവരാകട്ടെ പ്രത്യേകം കൗണ്ടർ പണിത് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തേക്ക് ഇറക്കിയിട്ടിരിക്കുകയാണ്. ഇത് മൂലം ആളുകൾക്ക് ഈ ഭാഗത്ത് വഴിയിലിറങ്ങി ബസ് കാത്തുനിൽക്കേണ്ട ഗതികേടുമാണ്. സ്റ്റാൻഡിനുള്ളിലെ ഈ ഭാഗത്ത് വീതിക്കുറവുമുണ്ട്. പൊൻകുന്നം ബസുകൾ പാർക്ക് ചെയ്യുന്നതിന് ഇടതുവശത്തുകൂടിയാണ് രാമപുരം, ഉഴവൂർ മേഖലകളിലേക്കുള്ള ബസുകൾ കടന്നുപോകുന്നത്. സ്റ്റാൻഡിനുള്ളിൽ ഇറങ്ങി നിൽക്കുന്ന യാത്രക്കാർക്ക് അപകടഭീഷണിയുമുണ്ട്.
മഴയാണേൽ പെട്ടത് തന്നെ !
നഗരസഭാ അധികാരികളുടെ അനുമതിയില്ലാതെയാണ് ഇങ്ങനെ കൗണ്ടറുകൾ ഇറക്കിയിട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. കൊവിഡിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറന്നതോടെ ബസ് കാത്തുനിൽക്കാൻ നൂറുകണക്കിന് വിദ്യാർത്ഥിനികളാണെത്തുന്നത്. മഴ പെയ്താൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകും.
കൗൺസിലിൽ ഉന്നയിക്കും
ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കടകൾ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തേക്ക് ഇറക്കിയിട്ടിരിക്കുന്ന വിഷയത്തിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നും വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ ഉന്നയിക്കുമെന്നും ഭരണ - പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.