പാലാ : 'ഞങ്ങളുടെ പ്രിയപ്പെട്ട പുടിൻ അങ്കിൾ ..... ദൈവത്തെയോർത്ത് ഈ യുദ്ധം ഒന്നു നിറുത്താമോ പ്ലീസ്...ഞങ്ങളെപ്പോലെ എത്ര കൊച്ചുകുട്ടികളാണ് അങ്കിളേ ഈ യുദ്ധക്കെടുതിയിൽ പേടിച്ച് വിറച്ച് ജീവിക്കുന്നത്. ഈ മഹത്തായ ഭാരതത്തിൽ കേരളത്തിലെ വലവൂരെന്ന കൊച്ചുഗ്രാമത്തിലെസ്‌കൂളിൽ നിന്ന് ഞങ്ങൾ കാലുപിടിച്ച് അപേക്ഷിക്കാം ഈ യുദ്ധമൊന്ന് അവസാനിപ്പിക്കാൻ. പാലാ വലവൂർ ഗവ.യു.പി സ്‌കൂളിലെ കുട്ടികളാണ്, തങ്ങളൊരിക്കലും കാണാത്ത യുക്രെയിനിലെ കൂട്ടുകാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് കത്തയ്ക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പത്ത് കുട്ടികളാണ് മലയാളത്തിൽ കത്തെഴുതിയത്. ഈ കത്തുകൾക്ക് ചുവടെ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഹെഡ്മാസ്റ്റർ രാജേഷ് ശ്രീഭദ്ര എഴുതിച്ചേർത്തു. ഇന്ന് രാവിലെ 11.30 ന് വലവൂർ പോസ്റ്റോഫീസിൽ നിന്ന് എയർമെയിലായി അയയ്ക്കും.
'ഇനിയൊരു യുദ്ധം വേണ്ട, ഇനിയൊരു സ്ലാറ്റോയോ ആൻഫ്രാങ്കോ ഉണ്ടാകരുതെന്ന് 'ആവശ്യപ്പെട്ട് അമ്പതോളം കുട്ടികൾ യുദ്ധവിരുദ്ധ റാലിയും നടത്തിയിരുന്നു. വിദ്യാർത്ഥി പ്രതിനിധി നേഹ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആൽബിൻ സജി, അരവിന്ദ്, അനന്തു എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ ഷാനി മാത്യു, റോഷ്‌നി ഫിലിപ്പ്, കെ. അംബിക, പ്രിയ സെലിൻ, ഷീബാ സെബാസ്റ്റ്യൻ, അഷിത, ജ്യോത്സിനി, ഗായത്രി എന്നിവരും കുട്ടികളോടൊപ്പം പരിപാടികളിൽ പങ്കുചേർന്നു.