അടിമാലി :ശുദ്ധ ജല ക്ഷാമം രൂക്ഷമായിരുന്ന തട്ടേക്കണ്ണൻ ആദിവാസി കുടി അങ്കണവാടിയിലും ഏകാദ്ധ്യാപക സ്‌കൂളിലും കുടിവെള്ളം എത്തിച്ച് വനം വകുപ്പ്. വേനൽ കടുത്തതോടെയാണ് ഇവിടെ ശുദ്ധ ജലം കിട്ടാക്കനിയായി മാറിയത്. ഇതോടെ അങ്കണവാടിയിലെ ആവശ്യത്തിന് ജീവനക്കാർ ദൂരെ നിന്നാണ് വെള്ളം ജാറുകളിൽ ചുമന്ന് എത്തിച്ചിരുന്നത്.കഴിഞ്ഞ ദിവസം അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വനമേഖല സൗർശനത്തിന് പോകുംവഴി അങ്കണവാടി സന്ദർശിച്ചു. ശുദ്ധജല ക്ഷാമം സംബന്ധിച്ച് ജീവനക്കാർ പരാതി അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസികളും പരാതിയുമായെത്തി. 130 മീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താൽ ഇതിന് പരിഹാരമാകുമെന്ന് സമീപ വാസികളും ജീവനക്കാരും വനപാലകരെ അറിയിച്ചു.തുടർന്ന് വനം വകുപ്പ് അധികൃതർ ഇതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
ഹോസ് വാങ്ങുന്നതിനുള്ള 3,000 ഒഴികെയുള്ള 12,000 രൂപ റേഞ്ച് ഓഫീസർ കെ വി. രതീഷിന്റെ നേതൃത്യത്തിൽ വനപാലകർ നിന്ന് സമാഹരിച്ചു. തുടർന്ന് ഇന്നലെ മോട്ടറും ഹോസും സ്ഥാപിച്ച് അങ്കണവാടിയിൽ വെള്ളം എത്തിച്ചു നൽകുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അബൂബക്കർ സിദ്ധിഖ്, ബീറ്റ് ഓഫീസർ ആർ. റോയി, കെ .കെ. രാജു എന്നിവർ ചേർന്നാണ് പ്ലമ്പിങ് ജോലികൾ നടത്തിയത്.