
മുണ്ടക്കയം: ഒന്നര മാസമായി നാടിനെ വട്ടംകറക്കിയ പുലി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടുമിറങ്ങി. ചെന്നാപ്പാറ ക്ഷേത്രത്തിന് സമീപമാണ് പശുക്കിടാവിനെ പുലി പാതി തിന്ന നിലയിൽ കണ്ടെത്തി. തോട്ടത്തിൽ മേഞ്ഞിരുന്ന പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. കഴിഞ്ഞയാഴ്ച ഇ.ഡി.കെ ലിവിംഗിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയും പുലി കൊന്നിരുന്നു. തുടർന്ന് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയത് തെരുവ് നായ ആയിരുന്നു. ഇതിനുശേഷം പല ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞെങ്കിലും സ്ഥിരീകരണം ഉണ്ടായില്ല . ഇന്നലെയാണ് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം വ്യക്തമായത്. ഇതോടെ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയിലാണ് ലയങ്ങളിൽ കഴിയുന്നവർ. പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
പുലിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ശബരിമല വനാതിർത്തിയോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ ഏക്കറുകണക്കിനുള്ള തോട്ടമാണ്. ഇവിടെയും കാട് വളർന്നു നിൽക്കുന്നതാണ് വന്യമൃഗങ്ങൾ ഇറങ്ങാൻ കാരണം. കാട്ടാന, രാജവെമ്പാല, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയും ഈ മേഖലയിൽ ഇറങ്ങാറുണ്ട്. വന്യജീവി ശല്യം മൂലം തങ്ങളുടെ ജീവന് സുരക്ഷ ഇല്ലായാതായെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. പുലി പിടി തരാതെ നടക്കുമ്പോൾ ഒരു ജനതയുടെ ഉറക്കം നഷ്ടമാവുകയാണ്.