kanam-cpi

വൈക്കം : ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും മാനവികതയ്ക്ക് എതിരാണെന്നും ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയത അല്ല മതനിരപേക്ഷത ഉയർത്തിപിടിക്കുകയാണ് വേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്​റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപക സെക്രട്ടറി പി.കൃഷ്ണപിള്ളയുടെ വൈക്കത്തെ ജന്മഗൃഹം നിന്നിരുന്ന പറൂപ്പറമ്പ് പുരയിടത്തിൽ നടക്കുന്ന സി.പി.ഐ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം മനുഷ്യന്റെ സ്വകാര്യതയിൽ ഒതുങ്ങി നിൽക്കണം. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും മതം ഇടപെടരുത്. ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നേടാൻ മതത്തെ വഴിമരുന്നാക്കുകയാണ് സംഘപരിവാർ ശക്തികൾ. ജാതിമതഭേദങ്ങൾക്കതീതമായി ജനങ്ങളെ ഒരുമിപ്പിച്ചു നിറുത്താൻ കമ്മ്യൂണിസ്​റ്റുകൾ പരിശ്രമിക്കണം. ഇതിനുശക്തി പകരാൻ പ്രതിപക്ഷ ഐക്യനിര ഭിന്നതകൾ മറികടന്ന് യാഥാർത്ഥ്യമാകണം. ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ പാർശ്വവത്ക്കരിക്കപ്പെടുകയാണ്. വിശാലമായ ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അശോകൻ വെള്ളവേലി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കെ അജിത്ത്, സി.കെ ആശ എം.എൽ.എ, കെ.എസ്. രത്‌നാകരൻ, എൻ.അനിൽ ബിശ്വാസ്, പി.എസ്.പുഷ്‌കരൻ, വി.കെ.അനിൽകുമാർ, കെ.പ്രസന്നൻ, പി.പ്രദീപ്, ഡി.രഞ്ജിത് കുമാർ, കെ.വി. ജീവരാജൻ, കെ.രമേശൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.ഡി.സുമേഷിനെയും, അസി. സെക്രട്ടറിയായി ഇ.എൻ ചന്ദ്രബാബുവിനെയും തിരഞ്ഞെടുത്തു.