
കോട്ടയം: പ്രതിസന്ധിയിൽ പെട്ട് നിർമാണ മേഖല. സിമന്റ് മുതൽ പെയിന്റ് വരെയുളള എല്ലാ പ്രധാന നിർമാണ സാമഗ്രികൾക്കും വില കുതിച്ചുയർന്നതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം അകലെയാകുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണ് മിക്ക ഇനങ്ങൾക്കും. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർമാണങ്ങളും ഇതോടെ പ്രതിസന്ധിയിലായി.
സിമന്റ് ചാക്കിന് 40 രൂപയുടെ വരെ വർദ്ധനയാണുണ്ടായത്. രണ്ടു മാസം മുമ്പ് 375 രൂപയ്ക്ക് സൈറ്റിൽ ഇറക്കി നൽകിയിരുന്ന സിമന്റിന് ഇപ്പോൾ വാങ്ങുന്നത് 430 രൂപയാണ്. ഏതാനും മാസം മുമ്പ് വരെ മിനി ടിപ്പറിന് (150 അടി) ഒരു ലോഡ് കല്ലിന് 5500 രൂപയായിരുന്നെങ്കിൽ നിലവിൽ 6500 രൂപയാണ്. മെറ്റലിന് ഒരടിക്ക് 38 രൂപയും എം സാന്റിന് 60 രൂപയുമാണ് നിരക്ക്.
കമ്പി വില കാലങ്ങളായി കുതിച്ചുയരുകയാണ്. കിലോയ്ക്ക് 67.50 രൂപയായിരുന്നത് 72.50 രൂപയായി . ചില കമ്പനികൾ 83.50 രൂപയാക്കി. നിർമാണ സാമഗ്രികൾക്കെല്ലാം വില കുതിച്ചതോടെ താൽകാലികമായി പണി നിർത്തിവച്ച കെട്ടിട ഉടമകളുണ്ട്. ഇതിനൊപ്പം കടുത്തവേനലും വെള്ളത്തിന്റെ ക്ഷാമവും തിരിച്ചടിയാകുന്നു. സാമഗ്രികളുടെ വിലക്കയറ്റം മറികടക്കാൻ സിമന്റും കമ്പിയുമൊക്കെ നിശ്ചിത അനുപാതത്തിൽ ചേർക്കാതെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും നിർമാണ പ്രവർത്തനങ്ങൾ ഉറപ്പിനെ ബാധിക്കും.
പെയിന്റ് വില പൊള്ളും
പെയിന്റ് വിലയിലാണ് അടുത്ത കാലത്ത് വൻ കുതിപ്പുണ്ടായത്. മറ്റു നിർമാണങ്ങളെല്ലാം പൂർത്തിയാക്കി പെയിന്റിംഗ് മാത്രം അവശേഷിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ ഇതോടെ പ്രതിസന്ധിയിലായി. 1500 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള പുതിയ കെട്ടിടങ്ങൾ കുറഞ്ഞ രീതിയിൽ പെയിന്റ് ചെയ്യാൻ പോലും കുറഞ്ഞ് ഒരു ലക്ഷം രൂപ വേണം. എന്നാൽ, പെയിന്റിനു വില കൂടിയതോടെ ഈ തുക ഒന്നര ലക്ഷത്തിലേക്ക് എത്തുമെന്ന് കരാറുകാർ പറയുന്നു. ഉയർന്ന തുക പറയുമ്പോൾ പല ഉടമകളും പിന്തിരിയുകയാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു. പെയിന്റുകച്ചവടക്കാരാണെങ്കിൽ കഴുത്തറുപ്പൻ നയമാണ് ഉപഭോക്താക്കളോടു കാട്ടുന്നത്. ഒന്നര ലക്ഷം രൂപയുടെ പൊയിന്റു വാങ്ങിയാൽ പോലും ഒന്നര രൂപ പോലും കുറച്ചു നൽകില്ല. പാലാ പൊൻകുന്നം റോഡിലുള്ള ഒരു കടയിൽ ഒരുലക്ഷത്തിലേറെ വരുന്ന ബില്ലിലെ അമ്പതു പൈസ വരെ ഈടാക്കിയത് സമൂഹമാദ്ധ്യമങ്ങളിലെ പരിഹാസത്തിന് ഇടയാക്കിയിരുന്നു.
പെയിന്റുകൾക്കും മറ്റ് സാധന സാഗ്രികൾക്കും വില കൂടിയതോടെ നിർമ്മാണ പ്രവർത്തനങ്ങളും കുറവാണ്.
- റെജി ജോസ്, കരാറുകാരൻ, മണിമല