ക്ഷേത്രനഗരി ഉത്സവത്തിമിർപ്പിൽ
പാലാ : പുലിയന്നൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം സമാപനത്തോടടുക്കെ ഭക്തജനതിരക്കേറി. ഇന്ന് മഹാശിവരാത്രിപൂജയും പള്ളിവേട്ട എഴുന്നള്ളത്തും നടക്കും. രാവിലെ 6 ന് ഭജന, 7 ന് സൗന്ദര്യലഹരി ആലാപനം, 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്, 11.30ന് കാവടിഘോഷയാത്ര, 12.30 ന് കാവടിയഭിഷേകം, ഉച്ചയ്ക്ക് 1 മുതൽ കുറത്തിയാട്ടം. വൈകിട്ട് 3 മുതൽ കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടംതുള്ളൽ, 5 ന് കാഴ്ചശ്രീബലി, വേല, സേവ, 6.15 ന് ദീപാരാധന, 9.30 മുതൽ ഭദ്ര അമലും സംഘവും അവതരിപ്പിക്കുന്ന നൃത്തമഞ്ജരി, 12 ന് ശിവരാത്രി പൂജ, 1 മുതൽ പള്ളിവേട്ട എഴുന്നള്ളത്ത്, വേട്ട വിളി, കേളി. നാളെ ആറാട്ട്. രാവിലെ 9 ന് കാണിയക്കാട് കൊട്ടാരത്തിലേക്ക് ഊരവലം എഴുന്നള്ളത്ത്, താമരക്കുളം വള്ളിച്ചിറ വഴിയുള്ള എഴുന്നള്ളത്ത് ഊരാശാല, പൂതക്കുന്ന്, ആശ്രമം കവലവഴി തിരിച്ചെത്തും. വൈകിട്ട് 5 ന് കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത് നാരായണപ്രിയൻ ഗുരുവായൂർ നന്ദൻ ഭഗവാന്റെ തിടമ്പേറ്റും. ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്തിൽ ആറാട്ടുപുറപ്പാട് മേളം, 7 മുതൽ തിരുവരങ്ങിൽ ഡോ. ശ്രീവത്സൻ ജെ. മേനോന്റെ സംഗീതസദസ്, 10 ന് ആറാട്ടെതിരേൽപ്പ്, ദീപാക്കാഴ്ച, കൊടിമരച്ചുവട്ടിൽ പറ, ആറാട്ടുവിളക്ക്, വലിയകാണിക്ക. കൊവിഡിന്റെ നിയന്ത്രങ്ങൾ നീക്കിയതോടെ ഉത്സവ നഗരിയിൽ ഭക്തജനങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുലിയന്നൂർ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.