കോട്ടയം: കോടിമത മത്സ്യ മാർക്കറ്റിന് സമീപത്ത് നിർമ്മിച്ച ട്രക്ക് ടെർമിനൽ കം വെയ്ബ്രിഡ്ജ് നാശത്തിന്റെ വക്കിൽ. നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടവും ഉപയോഗശൂന്യമാണ്. കോടിമത എം.ജി റോഡിൽ പച്ചക്കറി മാർക്കറ്റിനും മത്സ്യമാർക്കറ്റിനും സമീപമാണ് ട്രക്ക് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. ചരക്കുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് ടെർമിനൽ പണിതത്. കൂടാതെ വാഹനത്തിന്റെ ഭാരം നോക്കുന്നതിന് വെയ്ബ്രിഡ്ജും സ്ഥാപിച്ചു. വിശ്രമ മുറികൾ, ഏജന്റുമാരുടെയും ട്രക്ക് ഓപ്പറേറ്റർമാരുടെയും ചെറിയ ഓഫീസ് സൗകര്യം എന്നിവയുമൊരുക്കി. എം.സി റോഡിൽ നിന്നും വാഹനങ്ങൾക്ക് എളുപ്പമാർഗം ഇവിടെ എത്താനാവും.

2010 ൽ ബിന്ദു സന്തോഷ് കുമാർ നഗരസഭ അദ്ധ്യക്ഷയായിരിക്കേയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നടത്തിപ്പ് ചുമതല കരാർ വ്യവസ്ഥയിൽ ഏജൻസികൾക്ക് നൽകാനായിരുന്നു തീരുമാനം. എന്നാൽ ആരും ഏറ്റെടുക്കാതായതോടെ നഗരസഭ നേരിട്ടു നടത്തുകയായിരുന്നു. പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താതിരുന്നതിനു പുറമേ സാങ്കേതിക തകരാർ മൂലം വേഗം പൂട്ടേണ്ടിവന്നു. നിലവിൽ, ഇവിടെ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്.

തുരുമ്പെടുത്തു

വെയ്ബ്രിഡ്ജ് വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് ദ്രവിച്ച് തുടങ്ങി. ഇവിടെ നിർമിച്ച ടോയ്‌ലെറ്റുകളും ഉപയോഗ ശൂന്യമായ നിലയിലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാർക്കും സഹായികൾക്കും ഉപകാരമായിരുന്നു ട്രക്ക് ടെർമിനൽ. ട്രക്ക് ടെർമിനൽ കം വെയ്ബ്രിഡ്ജ് ഉപയോഗശൂന്യമായതോടെ അന്യസംസ്ഥാനത്തുനിന്ന് ചരക്കുമായി എത്തുന്ന ലോറികൾ എം.ജി റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്.